ആറ് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 210 റണ്‍സ് അടിച്ചെടുത്തത്.
കൊല്ക്കത്ത: ഇന്ത്യന് പ്രീമിയര് ലീഗില് മുംബൈ ഇന്ത്യന്സിനെതിരേ കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന് 211 റണ്സ് വിജയലക്ഷ്യം. ആറ് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 210 റണ്സ് അടിച്ചെടുത്തത്. ഈഡനില് ടോസ് നേടിയ കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളിങ് തെരഞ്ഞെടുത്തു. വിക്കറ്റ് കീപ്പര് ബാറ്റ്സ്മാന് ഇഷാന് കിഷന്റെ (21 പന്തില് 62) വെടിക്കെട്ടാണ് മുംബൈ ഇന്ത്യന്സിന് കൂറ്റന് സ്കോര് സമ്മാനിച്ചത്.
രോഹിത് ശര്മ (31 പന്തില് 36), സൂര്യകുമാര് യാദവ് (32 പന്തില് 36), ബെന് കട്ടിങ് (ഒമ്പത് പന്തില് 24) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. കൊല്ക്കത്തയ്ക്ക് വേണ്ടി പിയൂഷ് ചൗള രണ്ട് വിക്കറ്റ് വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ, ടോം കുറാന്, സുനില് നരൈന്, എന്നിവര് ഓരോ വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് മാറ്റങ്ങളുമായിട്ടാണ് കൊല്ക്കത്ത ഇറങ്ങുന്നത്. പരുക്കേറ്റ ശുഭ്മാന് ഗില്ലിന് പകരം റിങ്കു സിങ് തിരിച്ചെത്തി. മിച്ചല് ജോണ്സണ് പകരം ടോം കുറാനും ടീമിലെത്തി. മുംബൈ ടീമില് മാറ്റമൊന്നും വരുത്തിയിട്ടില്ല.
മുംബൈയിലെ തോല്വിക്ക് സ്വന്തം കാണികള്ക്ക് മുന്നില് പകരംവീട്ടി നിലഭദ്രമാക്കുകയാണ് ദിനേഷ് കാര്ത്തിക്കിന്റെ കൊല്ക്കത്തയുടെ ലക്ഷ്യം. പത്ത് കളിയില് അഞ്ച് വീതം ജയവും തോല്വിയുമാണ് കൊല്ക്കത്തക്കുള്ളത്. പത്തില് ആറിലും തോറ്റ നിലവിലെ ചാമ്പ്യന്മാരായ മുംബൈക്ക് ഇന്ന് അടിതെറ്റിയാല് പ്ലേ ഓഫ് മോഹം ഏറെക്കുറെ ഉപേക്ഷിക്കാം. മൂന്ന് ദിവസം മുന്പ് ഏറ്റുമുട്ടിയപ്പോള് ജയം 13 റണ്സിന് രോഹിത് ശര്മയുടെ മുംബൈയ്ക്കൊപ്പമായിരുന്നു.
