കോഴിക്കോട്: കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വീണ്ടും ഫുട്‌ബോള്‍ ആരവം ഉയരുമ്പോള്‍ സുവര്‍ണ നാളുകളിലേക്ക് തിരിഞ്ഞുനോക്കുകയാണ് ഇന്ത്യയുടെ മുന്‍താരങ്ങളായ കെ പി സേതുമാധവനും പ്രേംനാഥ് ഫിലിപ്പും. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ അന്നത്തെ കളിയാരാധകരുടെ ആരവം ഇപ്പോഴും ഇവരുടെ കാതുകളില്‍ മുഴങ്ങുന്നുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സേതുമാധവന്‍ കാത്ത ഗോള്‍ പോസ്റ്റിലേക്ക് നിരവധി തവണ വെല്ലുവിളി ഉയര്‍ത്തിയ ഓര്‍മ്മകള്‍ പ്രേംനാഥ് ഫിലിപ്പിനുണ്ട്. പ്രേംനാഥ് ഫിലിപ്പിന്‍റെ ഷോട്ടുകള്‍ തട്ടിമാറ്റിയ മിന്നും സേവുകള്‍ സേതുമാധവനും. ഇരുവരുടെയും കളി ജീവിതത്തിലെ നിര്‍ണ്ണായക മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായിരുന്നു കോഴിക്കോട്ടെ കോര്‍പ്പറേഷന്‍ സ്റ്റേഡിയം.
എന്ത് ഫുട്‌ബോള്‍ കളിവന്നാലും ഈ സ്‌റ്റേഡിയത്തില്‍ കാണികളുടെ വലിയ സപ്പോര്‍ട്ട് തന്നെ ഉണ്ടാകുമെന്ന് ഇരുവരും പറയുന്നു. നാഗ്ജി ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകള്‍ നടക്കുമ്പോള്‍ ഫുട്‌ബോള്‍ കളിക്കമ്പക്കാരെക്കൊണ്ട് കോഴിക്കോട് നഗരം മുഴുവന്‍ നിശ്ചലമാകാറുണ്ട്.
ടൂര്‍ണമെന്‍റുകള്‍ കുറഞ്ഞതോടെ ആരാധകരുടെ ഓഴുക്കും നിലച്ചു. വല്ലപ്പോഴും നടക്കുന്ന മത്സരങ്ങള്‍ കാണാന്‍ സ്ഥിരം കാണികള്‍പോലും എത്താത്ത അവസ്ഥ. നീണ്ട ഇടവേളയക്ക് ശേഷം നാഗ്ജി ടൂര്‍ണമെന്റ് നടത്തിയതോടെ കോഴിക്കോട് വീണ്ടും പഴയ ആവേശത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. ഐലീഗന് കൂടി വേദിയാകുന്നതോടെ അതിന് ആക്കം കൂടുമെന്നാണ് പ്രതീക്ഷ.
