കുല്‍ദീപ് കൂടുതല്‍ ടെസ്റ്റുകള്‍ കളിക്കാന്‍ യോഗ്യനെന്ന് ബ്രാഡ് ഹോഗ്

മുംബൈ: ഇന്ത്യന്‍ യുവനിരയില്‍ വിസ്മയിപ്പിക്കുന്ന ഇടംകൈയന്‍ സ്‌പിന്നറാണ് കുല്‍ദീപ് യാദവ്. ചൈനാമാന്‍ സ്‌പിന്നുമായി ഏകദിനത്തിലും ടി20യിലും ബാറ്റ്സ്മാന്‍മാരെ വട്ടംകറക്കുകയാണ് ഈ 23കാരന്‍. ദക്ഷിണാഫ്രിക്കന്‍ പര്യടത്തില്‍ ഇന്ത്യന്‍ വിജയഗാഥയില്‍ കുല്‍ദീപ് വലിയ പങ്ക് വഹിച്ചിരുന്നു. എന്നാല്‍ ടെസ്റ്റ് മത്സരങ്ങളില്‍ കൂടുതല്‍ അവസരം ലഭിക്കാന്‍ കാത്തിരിക്കുകയാണ് കുല്‍ദീപ്.

കുല്‍ദീപ് കൂടുതല്‍ ടെസ്റ്റുകള്‍ കളിക്കാന്‍ യോഗ്യമായിരിക്കുന്നു എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഉപദേശകനായ മുന്‍ ഓസീസ് സ്‌പിന്നര്‍ ബ്രാഡ് ഹോഗ്. ഇന്ത്യയ്ക്കായി 20 ഏകദിനങ്ങളും എട്ട് ടി20യും കളിച്ച കുല്‍ദീപിന് രണ്ട് ടെസ്റ്റില്‍ മാത്രമാണ് അവസരം ലഭിച്ചത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ കുല്‍ദീപിന്‍റെ സഹതാരമായിരുന്നു ബ്രാഡ് ഹോഗ്. 

മികച്ച കൈക്കുഴ സ്‌പിന്നര്‍ക്ക് ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം കാഴ്ച്ചവെക്കാനാകും. ഓള്‍റൗണ്ടറെയാണ് ഇന്ത്യയ്ക്കാവശ്യമെങ്കില്‍ അശ്വിനെ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. എന്നാല്‍ സ്‌പിന്നറെ മാത്രമാണ് ടീമിനാവശ്യമെങ്കില്‍ യാദവിന് അവസരം കൊടുക്കാന്‍ ഹോഗ് പറയുന്നു. കുല്‍ദീപ് പരിമിത ഓവര്‍ താരമല്ലെന്നും ടെസ്റ്റിന് അനുയോജ്യനാണെന്നും ഹോഗ് പറഞ്ഞു. 2017 മാര്‍ച്ചില്‍ ഓസീസിനെതിരെ ടെസ്റ്റില്‍ അരങ്ങേറി 97 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു.