ധര്‍മശാല: പൂനെ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ കറക്കി വീഴ്‌‌ത്തിയത് ഓസ്ട്രേലിയയുടെ സ്റ്റീവ് ഒക്കീഫേ എന്ന ഇടം കൈയന്‍ സ്പിന്നറായിരുന്നു. ഒക്കീഫേയ്ക്ക് അതിനുള്ള തന്ത്രങ്ങളോതിക്കൊടുത്തത് ഓസ്ട്രേലിയയുടെ സ്പിന്‍ കണ്‍സള്‍ട്ടന്റായ ശ്രീറാം എന്ന മുന്‍ ഇന്ത്യന്‍ താരവും. എന്നാല്‍ ധര്‍മശാല ടെസ്റ്റില്‍ അതേമരുന്ന് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ പ്രയോഗിച്ചു. കുല്‍ദീപ് യാദവ് എന്ന ചൈനാമാന്‍ സ്പിന്നറിലൂടെ. കുല്‍ദീപിന്റെ സ്പിന്‍ ഗുരുവായത് ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണായിരുന്നു എന്നത് മറ്റൊരു യാദൃശ്ചികതയായി.

കുല്‍ദീപ് തന്നെയാണ് ആദ്യദിവസത്തെ കളിക്കുശേഷം ഇക്കാര്യം വ്യക്തമാക്കിയത്. മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്ന ഓസ്ട്രേലിയ തകര്‍ന്നു തുടങ്ങിയത് കുല്‍ദീപ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ വീഴ്‌ത്തിയതോടെയാണ്. അത് ചൈനാമാന്‍ പന്തിലായിരുന്നില്ലെന്ന് കുല്‍ദീപ് പറഞ്ഞു. ഫ്ലിപ്പറിലാണ് വാര്‍ണര്‍ വീണത്. അത് ഞാന്‍ പഠിച്ചെടുത്തത് ഷെയ്ന്‍ വോണില്‍ നിന്നാണ്. വോണില്‍ നിന്ന് തന്ത്രങ്ങള്‍ പഠിച്ച് അദ്ദേഹത്തിന്റെ നാട്ടുകാരനെതിരെ തന്നെ അത് പ്രയോഗിക്കുക എന്നത് രസകരമായ കാര്യമാണെന്നും കുല്‍ദീപ് പറഞ്ഞു.

വോണിനെ നേരില്‍ക്കാണുകയും സ്പിന്‍ പാഠങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കുകയും ചെയ്തത് തന്റെ സ്വപ്നസാഫല്യമായിരുന്നുവെന്നും കുല്‍ദീപ് പറഞ്ഞു. വോണ്‍ ആണ് എന്റെ മാതൃകാപുരുഷന്‍. കുട്ടിക്കാലം മുതലേ അദ്ദേഹത്തിന്റെ ബൗളിംഗ് വീഡിയോകള്‍ ഞാന്‍ കാണാറുണ്ട്. അദ്ദേഹത്തെ നേരിട്ട് കാണാനായത് ശരിക്കും സ്വപ്ന സാഫല്യമായിരുന്നു. അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ എന്റെ മാതൃകാപുരുഷനോടാണ് ഞാന്‍ സംസാരിക്കുന്നതെന്ന് എനിക്ക് വിശ്വസിക്കാനായില്ല. അദ്ദേഹം പറഞ്ഞതുപോലെയാണ് ഞാന്‍ എല്ലാം ചെയ്തത്. സമീപ ഭാവിയില്‍ തന്നെ വീണ്ടും കാണാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്.

ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെതിരെ പന്തെറിയുമ്പോള്‍ പരിഭ്രമമൊന്നും തോന്നിയില്ലെന്നും കുല്‍ദീപ് വ്യക്തമാക്കി. എന്നെ ആക്രമിക്കാതെ സിംഗിളുകളെടുത്ത് കളിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ചെറുപ്പം മുതല്‍ ഞാന്‍ പഠിക്കുന്ന കാര്യം സ്പിന്നര്‍ പന്തെറിയുമ്പോള്‍ ചിലപ്പോള്‍ നല്ല അടികിട്ടുമായിരിക്കും, പക്ഷെ അയാളുടെ പ്രാഥമിക കടമ വിക്കറ്റെടുക്കുക എന്നത് മാത്രമാണ്. ആദ്യദിനം നേടിയ നാലു വിക്കറ്റുകളും തനിക്ക് പ്രിയപ്പെട്ടതാണെങ്കിലും വാര്‍ണറുടെ വിക്കറ്റാണ് ഏറ്റവും പ്രിയപ്പെട്ടതെന്നും കുല്‍ദീപ് യാദവ് പറഞ്ഞു.