സൂറിച്ച്: 2024ലെ ഒളിംപിക്‌സ് പാരീസിലും, 2028ലെ ഒളിംപിക്‌സ് ലോസ്ഏഞ്ചല്‍സിലും നടക്കും. 2024ലെ ഒളിംപിക് വേദിക്കായി രംഗത്തുണ്ടായിരുന്ന, ലോസ്ഏഞ്ചല്‍സ് 2028ലെ ഗെയിംസ് നടത്താന്‍ സന്നദ്ധത പ്രഖ്യാപിച്ചതോടെയാണ് ഇത് സംബന്ധിച്ച ധാരണയായത്.

അടുത്ത മാസം പെറുവില്‍ ചേരുന്ന രാജ്യാന്തര ഒളിംപിക് സമിതിയുടെ യോഗത്തില്‍ പ്രഖ്യാപനം ഉണ്ടാകും. ഗെയിംസ് വൈകുന്നതിനാല്‍ 180 കോടി ഡോളര്‍, ലോസ്ഏഞ്ചല്‍സ് നഗരത്തിന് ഐഒസി നല്‍കും. ലോസ്ഏഞ്ചല്‍സ് നേരത്തെ 1932ലും 1984ലും, പാരീസ് 1900ലും 1924ലും ഒളിംപിക്‌സിന് വേദിയായിട്ടുണ്ട്.

ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോ ആണ് 2020ലെ ഒളിംപിക്‌സിന് വേദിയാവുന്നത്. 1924ല്‍ ഒളിംപിക്‌സിന് വേദിയായതിന്റെ നൂറാം വാര്‍ഷികത്തില്‍ വീണ്ടും ഒളിംപിക്‌സിന് ആതിഥ്യമരുളണമെന്ന പാരീസിന്റെ മോഹമാണ് ഇതോടെ സഫലമാവാന്‍ പോവുന്നത്. നേരത്തെ 1998, 2008, 2012 ഒളിംപിക്‌സിന് വേദിയാവാനുള്ള പാരീസിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.

44 വര്‍ഷത്തിനുശേഷമാണ് ലോസ്ഏഞ്ചല്‍സ് ഒളിംപിക്‌സിന് വേദിയാവുന്നതെങ്കിലും 1996ലെ ഒളിംപിക്‌സിനെ അമേരിക്കന്‍ നഗരമായ അറ്റ്‌ലാന്റ വേദിയായിട്ടുണ്ട്.