രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടുനിന്ന ശേഷമായിരുന്നു വലന്‍സിയ സമനില വഴങ്ങിയത്. ബാഴ്‌സയ്ക്കായി ഗോളുകള്‍ നേടിയത് സൂപ്പര്‍ താരം ലിയോണല്‍ മെസി.  

ബാഴ്‌സലോണ: ലാലിഗയില്‍ സമനില പൊരുതി നേടി ബാഴ്സലോണ. വലന്‍സിയക്കെതിരെ ലിയോണല്‍ മെസിയാണ് ബാഴ്സയുടെ രക്ഷകനായത്. രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടുനിന്ന ശേഷമായിരുന്നു വലന്‍സിയ സമനില വഴങ്ങിയത്. ആദ്യ പകുതിയില്‍ 32 മിനിറ്റിനിടെ കെവിന്‍ ഗാമേറിറോ, ഡാനിയേല്‍ പറേജോ എന്നിവര്‍ വലന്‍സിയയെ മുന്നിലെത്തിച്ചു.

മുപ്പത്തിയൊമ്പതാം മിനിറ്റില്‍ മെസി ഒരു ഗോള്‍ മടക്കി. 64-ാം മിനിറ്റില്‍ മെസി തന്നെ സമനില ഗോളും നേടി. 22 കളിയില്‍ 50 പോയിന്‍റുള്ള ബാഴ്സയ്ക്ക് അത്‌ലറ്റിക്കോ മാഡ്രിഡിനേക്കാള്‍ ആറ് പോയിന്‍റിന്‍റെ ലീഡായി.

മത്സരത്തിനിടെ മെസിയുടെ തുടയ്ക്ക് പരിക്കേറ്റെങ്കിലും ബുധനാഴ്ച റയല്‍ മാഡ്രിഡിനെതിരായ എല്‍ ക്ലാസ്സിക്കോയില്‍ സൂപ്പര്‍ താരം കളിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബാഴ്സലോണ കോച്ച് പറഞ്ഞു. അതേസമയം അത്‌ലറ്റിക്കോ മാഡ്രിഡും റയല്‍ മാഡ്രിഡും ഇന്ന് 22-ാം റൗണ്ട് മത്സരത്തിനിറങ്ങും.