ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ ഇരട്ട ഗോള്‍ മികവില്‍ ഗെറ്റാഫെയെ തോല്‍‍പ്പിച്ചു

മാഡ്രിഡ്: സ്പാനിഷ് ലാലിഗായില്‍ റയല്‍ മാഡ്രിഡ് വീണ്ടും വിജയവഴിയില്‍. ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ ഇരട്ട ഗോള്‍ മികവില്‍ ഗെറ്റാഫെയെ റയല്‍ തോല്‍‍പ്പിച്ചു. ഒന്നിനെതിരെ മൂന്നുഗോളിനായിരുന്നു റയലിന്‍റെ ജയം. ഇരട്ട ഗോളിലൂടെ ലാലിഗായില്‍ 300 ഗോളുകള്‍ എന്ന നേട്ടവും റൊണോള്‍ഡോ പിന്നിട്ടു. ഗാരത് ബെയ്‌ലാണ് മൂന്നാം ഗോള്‍ നേടിയത്. ക്രിസ്റ്റ്യാനോക്ക് വിശ്രമം അനുവദിച്ചിറങ്ങിയ കഴിഞ്ഞ കളിയില്‍ റയല്‍ എസ്പാനിയോളിനോട് തോറ്റിരുന്നു.

അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് ന്യൂകാസിലിനെ തോല്‍പ്പിച്ചു. നാല്‍പ്പതാം മിനിട്ടില്‍ മുഹമ്മദ് സലായുടെ ഗോളിലൂടെയാണ് ലിവര്‍പൂള്‍ മുന്നിലെത്തിയത്. ഈ ഗോളിലൂടെ സലാ, സീസണിലെ ഗോള്‍ നേട്ടം 26 ആക്കി ഉയര്‍ത്തി. ജയത്തോടെ ലിവര്‍പൂള്‍, ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പിന്നാലെ രണ്ടാം സ്ഥാനത്തേക്ക് എത്തി.

മറ്റൊരു മത്സരത്തില്‍ ടോട്ടനം ഹഡേഴ്സ്ഫീല്‍ഡിനെ തറപറ്റിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ടോട്ടനത്തിന്‍റെ ജയം. എന്നാല്‍ 
ലെസ്റ്റര്‍സിറ്റി ബേണ്‍മൗത്ത് മത്സരം സമനിലയില്‍ അവസാനിച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു.