കൊളംബോ: അഞ്ചാം ഏകദിനത്തിന് മുൻപ് ഇന്ത്യൻ താരങ്ങൾക്ക് ലസിത് മലിംഗയുടെ വിരുന്ന്. സ്വന്തം വീട്ടിലാണ് മലിംഗ ഇന്ത്യൻ താരങ്ങൾക്ക് വിരുന്നൊരുക്കിയത്. ലങ്കൻ ടീമിന്‍റെ തുടർതോൽവികളൊന്നും ലസിത് മലിംഗയുടെ സൗഹൃദത്തിനും സ്നേഹത്തിനും തടസ്സമായില്ല. അത്താഴ വിരുന്നൊരുക്കിയാണ് മലിംഗ ഇന്ത്യൻതാരങ്ങളെ സ്വീകരിച്ചത്.
ഹിന്ദിപാട്ടുകൾ പാടിയാണ് ഇന്ത്യൻ താരങ്ങൾ വിരുന്ന് ആഘോഷമാക്കിയത്. മുംബൈ ഇന്ത്യൻസിൽ രോഹിത് ശർമയും ബുംറയും മലിംഗയും ഒരുമിച്ചാണ് കളിക്കുന്നത്. ഏഞ്ചലോ മാത്യൂസ്, ദിനേശ് ചന്ദിമൽ തുടങ്ങിയവും വിരുന്നിന് എത്തിയിരുന്നു. നേരത്തേ, വെസ്റ്റ് ഇൻഡീസ് പര്യടനത്തിനിടെ ഇന്ത്യൻതാരങ്ങൾ ഡ്വയിൻ ബ്രാവോയുടെ വീട്ടിലും പോയിരുന്നു.
