ടെസ്റ്റ് റാങ്കിംഗ്‍; ദക്ഷിണാഫ്രിക്കന്‍- ന്യൂസീലാന്‍ഡ് താരങ്ങള്‍ക്ക് നേട്ടം

First Published 27, Mar 2018, 5:37 PM IST
latest icc test ranking
Highlights
  • ബാറ്റിംഗ്- ബൗളിംഗ് റാങ്കിംഗുകളില്‍ ആദ്യ സ്ഥാനക്കാരില്‍ മാറ്റമില്ല

ദുബായ്: പുതിയ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കി ദക്ഷിണാഫ്രിക്കന്‍, ന്യൂസീലാന്‍ഡ് താരങ്ങള്‍. ഇംഗ്ലണ്ടിനെതിരെ ഓക്‌ലന്‍ഡ് ടെസ്റ്റില്‍ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയ ട്രെന്‍റ് ബോള്‍ട്ട് ബൗളര്‍മാരില്‍ അഞ്ച് സ്ഥാനങ്ങള്‍ മുന്നോട്ട് കയറി ഏഴാമതെത്തി. ഓസ്‌ട്രേലിയക്കെതിരെ കേപ്‌ടൗണില്‍ ഒമ്പത് വിക്കറ്റ് പ്രകടനം നടത്തിയ മോണി മോര്‍ക്കല്‍ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാമനായി. 

അതേസമയം ബൗളര്‍മാരില്‍ ദക്ഷിണാഫ്രിന്‍ താരം കഗിസോ റബാഡയും ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്സണും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. ഇന്ത്യന്‍ താരങ്ങളായ രവീന്ദ്ര ജഡേജ മൂന്നാമതും ആര്‍ അശ്വിന്‍ നാലാമതുമുണ്ട്. ബാറ്റ്സ്മാന്‍മാരില്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാരായ ഡീന്‍ എള്‍ഗറും എയ്ഡന്‍ മര്‍ക്രാമും കരിയറിലെ മികച്ച സ്ഥാനങ്ങളിലെത്തി. എള്‍ഗര്‍ അഞ്ച് സ്ഥാനങ്ങള്‍ മുന്നോട്ടുകയറി എട്ടാമതും മര്‍ക്രാം ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പതിനഞ്ചാമതുമാണ്. 

അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഡികോക്ക് 19-ാം റാങ്കിലെത്തി. ആദ്യ രണ്ട് സ്ഥാനങ്ങളില്‍ സ്റ്റീവ് സ്‌മിത്തും വിരാട് കോലിയും തുടരുകയാണ്. എന്നാല്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ പിന്തള്ളി ന്യൂസീലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ മൂന്നാം സ്ഥാനത്തേക്കെത്തിയിട്ടുണ്ട്. ഓള്‍റൗണ്ടര്‍മാരില്‍ ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍ തന്നെയാണ് മുന്നില്‍. ജഡേജയും അശ്വിനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 

loader