മാഡ്രിഡ്: കായികലോകത്തെ സൂപ്പര്‍ താരങ്ങളുടെ അപരന്‍മാര്‍ ഇന്നൊരു വാര്‍ത്തയല്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം ഇത്തരം ഒരുപാട് അപരന്‍മാരുണ്ട്. അവരെല്ലാം മത്സരം നടക്കുമ്പോള്‍ ഗ്യാലറിയിലെത്തിയാല്‍ ആഘോഷിക്കപ്പെടാറുമുണ്ട്. എന്നാല്‍ ബാഴ്സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഈ അപരനെ കണ്ടാല്‍ ഇതില്‍ ഏതാണ് ശരിക്കും ഞാനെന്ന് മെസ്സി പോലും ഒരുപക്ഷെ അമ്പരക്കും. കാരണം മെസ്സിയുമായി രൂപത്തില്‍ അത്രയ്‌ക്ക് സാമ്യതയുണ്ട് ഇറാനിയന്‍ വിദ്യാര്‍ഥിയായ റേസ പരസ്റ്റേഷിന്.

ബാഴ്സയില്‍ മെസ്സിയുടെ വിഖ്യാത പത്താം നമ്പര്‍ ജേഴ്സിയിട്ട് പരസ്റ്റേഷ് ഇറങ്ങിയാല്‍ പിന്നെ റോഡ് പോലും ബ്ലോക്കാവും. മെസ്സിയോട് രൂപസാദൃശ്യമുണ്ടായതിന്റെ പേരില്‍ ജയിലില്‍ പോലും കിടക്കേണ്ടിവന്നിട്ടുണ്ട് പരസ്റ്റേഷിന്. ഇറാനിലെ പടിഞ്ഞാറന്‍ നഗരമായ ഹമെദാനിലൂടെ കാറില്‍ പോകുമ്പോള്‍ മെസ്സിയാണെന്ന് തെറ്റിദ്ധരിച്ച് ആരാധകര്‍ ചുറ്റും കൂടി. സെല്‍ഫി എടുക്കാനും ഓട്ടോഗ്രാഫിനുമുള്ള തിരക്കായപ്പോള്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. ഒടുവില്‍ പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് ഇറാനിയന്‍ പോലീസ് പരസ്റ്റേഷിനെ പിടിച്ച് അകത്തിട്ടു.

മാസങ്ങള്‍ക്ക് മുമ്പാണ് 25കാരനായ പരസ്റ്റേഷിന്റെ ജീവിതം ശരിക്കും മാറി മറിഞ്ഞത്. ഫുട്ബോള്‍ ഭ്രാന്തനായ പരസ്റ്റേഷിന്റെ അച്ഛന്‍ ബാഴ്സയുടെ പത്താം നമ്പര്‍ ജേഴ്സിയണിഞ്ഞു നില്‍ക്കുന്ന മകന്റെ ഫോട്ടോ ഒരു സ്പോര്‍ട്സ് വെബ്സൈറ്റിന് അയച്ചുകൊടുത്തു. അവര്‍ ഉടന്‍ തിരികെ വിളിച്ചു. അഭിമുഖത്തിനായി എത്താനാവുമോ എന്ന് ആരാഞ്ഞു. ആദ്യം പരസ്റ്റേഷ് ഒന്നുമടിച്ചെങ്കിലും പിന്നെ അദ്ദേഹം അവസരത്തിനൊത്തുയര്‍ന്നു. മെസ്സി സ്റ്റൈലില്‍ മുടിവെട്ടി. ബാഴ്സയുടെ പത്താം നമ്പര്‍ ജേഴ്സി അണിഞ്ഞ് പുറത്തിറങ്ങാന്‍ തുടങ്ങി. അതെന്തായാലും ക്ലിക്കായി. പിന്നെ മാധ്യമങ്ങള്‍ അഭിമുഖത്തിനായി പിന്നാലെ കൂടി. എന്തിന് മോഡലിംഗിന് വരെ പരസ്റ്റേഷിന് ഓഫര്‍ ലഭിച്ചു.

റേസാ പരസ്റ്റേഷ്(ഇടത്), ലയണല്‍ മെസി(വലത്)

ഇറാനിയന്‍ മെസ്സിയെന്നാണ് ആരാധകര്‍ ഇപ്പോള്‍ പരസ്റ്റേഷിനെ വിളിക്കുന്നത്. പുതിയ വേഷത്തിലെ സാധ്യതകള്‍ പരസ്റ്റേഷും തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ മെസ്സിയുടെ ശരീരഭാഷയും ചലനങ്ങളുമെല്ലാം പരസ്റ്റേഷും അനുകരിക്കാന്‍ തുടങ്ങി. ഫുട്ബോള്‍ ഭ്രാന്തന്‍മാരുടെ നാടാണ് ഇറാന്‍. സ്വാഭാവികമായും പരസ്റ്റേഷിനും ഫുട്ബോള്‍ ഇഷ്ടമാണ്. പക്ഷെ പ്രഫഷണലായി കളിച്ചിട്ടില്ലെന്ന് മാത്രം.

മെസ്സിയുമായുള്ള രൂപസാമ്യം കാരണം ജയിലിലെത്തി എന്നു മാത്രമല്ല വീട്ടില്‍ നിന്നുപോലും ഒരിക്കല്‍ പരസ്റ്റഷ് പുറത്താക്കപ്പെട്ടിട്ടുണ്ട്. 2014ലെ ഫുട്ബോള്‍ ലോകകപ്പില്‍ അര്‍ജന്റീന-ഇറാന്‍ മത്സരത്തില്‍ അവസാന നിമിഷ ഫ്രീ ക്രിക്കില്‍ മെസ്സി ഇറാനെ തോല്‍പ്പിച്ചപ്പോള്‍ ദേഷ്യം മൂത്ത പിതാവ് പരസ്റ്റേഷിനോട് ഇന്ന് വീട്ടില്‍ കയറരുതെന്ന് ഫോണ്‍ ചെയ്ത പറഞ്ഞു. നീ എന്തിനാണ് ഇറാനെതിരെ ഗോളടിച്ചതെന്നും അദ്ദേഹം ചോദിച്ചു.

ഇനി എന്തായാലും തന്റെ ആരാധ്യപുരുഷനെ ഒന്നും നേരില്‍ കാണണമെന്നാണ് പരസ്റ്റേഷിന്റെ ആഗ്രഹം. പറ്റുമെങ്കില്‍ ഒരു ജോലിയും ഒപ്പിച്ചെടുക്കണം. കാരണം കളിക്കാരനെന്ന നിലയില്‍ മെസ്സിക്ക് ഒരുപാട് കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ പ്രതിനിധിയായി ഇതില്‍ പലതും തനിക്ക് ചെയ്യാനാവുമെന്നാണ് പരസ്റ്റേഷ് പറയുന്നത്.