മാഡ്രിഡ്: ബാഴ്സലോണ വിട്ടുപോവാതിരിക്കാന്‍ സഹതാരം ലയണല്‍ മെസി നെയ്മര്‍ക്ക് ബാലണ്‍ ഡി ഓര്‍ വരെ വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍. മെസി, നെയ്മർ എന്നിവരുമായി അടുത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് സ്പാനിഷ് പത്രമായ ഡിയാറിയോ സ്പോര്‍ട്ട് ആണ് ഇക്കാര്യം പുറത്തുവിട്ടത്. പ്രീ സീസൺ ടൂർണമെന്റിനായി ജൂലായില്‍ യുഎസിലെത്തിയപ്പോഴാണ് ടീം വിടാനുള്ള നെയ്മറിന്റെ തീരുമാനം മാറ്റാൻ മെസിയും നെയ്മറും ചേര്‍ന്ന് ശ്രമം നടത്തിയത്.

ന്യൂജേഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ യുവന്റന്‍സുമായി ഏറ്റുമുട്ടുന്നതിന് തലേന്ന് നഗരത്തിലെ ഷെറാട്ടന്‍ പാരിസ്പന്നി ഹോട്ടലിൽവച്ചാണ് മെസിയും സുവാരസും ചേര്‍ന്ന് നെയ്മറോട് ഇക്കാര്യം പറഞ്ഞത്. 'നിനനക്ക് എന്താണ് വേണ്ടത്. ബാലണ്‍ ഡി ഓര്‍ വേണോ, അത് ഞാന്‍ വാങ്ങിത്തരും'-മെസി നെയ്മറോട് പറഞ്ഞു. ഇതിനുപുറമെ ബാഴ്സലോണയില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാമെന്നും കൂടുതല്‍ പെനല്‍റ്റികളും ഫ്രീ കിക്കുകളും എടുക്കാന്‍ അവസരമൊരുക്കാമെന്നും ടീമിന്റേ പ്ലേ മേക്കറാക്കാമെമെന്നും മെസി നെയ്മറോട് പറഞ്ഞു. മെസിയുടെയും സുവാരസിന്റെയും നിഴലില്‍ നിന്ന് പുറത്തുകടക്കാന്‍ തനിക്കാവില്ലെന്ന തിരിച്ചറിവിലാണ് നെയ്മര്‍ ബാഴ്സ വിടാന്‍ തീരുമാനിച്ചതെന്ന സൂചനകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു മെസിയുടെ വാഗ്ദാനം.

ഈ സംഭാഷണത്തിനുശേഷം യുവന്റന്‍സിനെതിരെ നടന്ന മത്സരത്തില്‍ മെസി, നെയ്മര്‍ക്കായി രണ്ട് ഗോളവസരങ്ങള്‍ ഒരുക്കുകയും ഇത് അദ്ദേഹം ഗോളാക്കി മാറ്റുകയും ചെയ്തിരുന്നു. ഹാട്രിക്ക് തികയ്ക്കാനായി മെസി ഒരുക്കിയ അവസരം മുതലാക്കാന്‍ ഈ മത്സരത്തില്‍ നെയ്മര്‍ക്കായില്ല. മെസി ബാലണ്‍ ഡി ഓര്‍ വരെ വാഗ്ദാനം ചെയ്തെങ്കിലും ബാഴ്സ വിടാനുള്ള തീരുമാനം അതിനു മുൻപേ നെയ്മർ ഉറപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇതുവരെ അഞ്ചു തവണ ബലണ്‍ ഡി ഓർ, ഫിഫ ലോക ഫുട്ബോളർ പട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള മെസി, ഇക്കാര്യത്തിൽ മറ്റു താരങ്ങളേക്കാൾ മുൻപിലാണ്. നാലു തവണ പുരസ്കാരം നേടിയിട്ടുളള ക്രിസ്റ്റ്യാനോ റൊണാൾഡോ തൊട്ടു പിന്നിലുണ്ട്. ലോക ഫുട്ബോളിൽ ഇവർക്കൊപ്പം എണ്ണപ്പെടുന്ന താരമാണെങ്കിലും ഇതുവരെ ഈ പുരസ്കാരം നേടാൻ നെയ്മറിനായിട്ടില്ല. 222 മില്യൺ യൂറോയുടെ (261 മില്യൺ ഡോളർ) റെക്കോർഡ് തുകയ്ക്കാണ് നെയ്മർ ബാഴ്സലോണ വിട്ട ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിൽ ചേർന്നത്.