ബാഴ്സലോണ: സൂപ്പർ താരം ലയണൽ മെസി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുമായുള്ള കരാർ പുതുക്കുന്നില്ലെന്നു റിപ്പോർട്ട്. മാർക ദിനപ്പത്രമാണ് തിങ്കളാഴ്ച ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

ജൂലൈയിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കവെ, കരാർ പുതുക്കുന്നില്ലെന്ന കാര്യം ബാഴ്സലോണ ക്ലബ്ബ് പ്രസിഡന്റിനെ അറിയിക്കാൻ മെസി പിതാവിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. നിലവിലെ കരാർ പ്രകാരം 2018 ജൂൺ 30ന് മെസിക്കു ബാഴ്സയുമായുള്ള ബന്ധം അവസാനിക്കും. ഈ സമയം മാത്രമേ കരാർ പുതുക്കുന്നതിനെ സംബന്ധിച്ച് അദ്ദേഹം ആലോചിക്കൂ എന്നും റിപ്പോർട്ടിൽ സൂചനയുണ്ട്. 

29കാരനായ മെസി തന്റെ 13–മത്തെ വയസിലാണ് ബാഴ്സയിലെത്തുന്നത്. ബാഴ്സലോണ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്ന മെസി 17-മത്തെ വയസിൽ ക്ലബ്ബിനായി അരങ്ങേറ്റം കുറിച്ചു. ഇതിനുശേഷം നാലു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, ഏഴു ലാ ലിഗ കിരീടങ്ങൾ, ആറു കോപ്പ ഡെൽറേ കിരീടങ്ങൾ, മറ്റനേകം ട്രോഫികൾ എന്നിവയുടെ ഭാഗമാകാൻ മെസിക്കായി.