മാഡ്രിഡ്: ബാഴ്സലോണ വിടാനൊരുങ്ങുന്ന നെയ്മര്‍ക്ക് ലയണല്‍ മെസിയുടെ വികാരനിര്‍ഭരമായ വിടവാങ്ങല്‍ സന്ദേശം. "താങ്കളോടൊപ്പം ഇത്രയും വര്‍ഷം കളിക്കാനായതില്‍ അതിയായ സന്തോഷമുണ്ട് സുഹൃത്തെ, ജീവിതത്തിലെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന താങ്കള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഞാന്‍ താങ്കളെ ഏറെ സ്നേഹിക്കുന്നു", ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ മെസി വ്യക്തമാക്കി. നെയ്മര്‍ക്കൊപ്പമുള്ള കളിക്കളത്തിലെ നിമിഷങ്ങളുടെ വീഡിയോയ്ക്കൊപ്പമാണ് മെസിയുടെ പോസ്റ്റ്. നെയ്മറുടെ പിഎസ്ജിയിലേക്കുള്ള മാറ്റം സ്ഥിരീകരിക്കുന്നതാണ് മെസിയുടെ സന്ദേശം.

A post shared by Leo Messi (@leomessi) on

പരിശീലനത്തിനെത്തിയപ്പോഴാണ് നെയ്മര്‍ ക്ലബ്ബ് വിടുന്ന കാര്യം സഹതാരങ്ങളെ അറിയിച്ചതെന്ന് ബാഴ്സ വക്താവ് പറഞ്ഞു. പരിശീലനത്തില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള അനുവാദവും പരിശീലകന്‍ നെയ്മര്‍ക്ക് നല്‍കിയെന്നും വക്താവ് പറഞ്ഞു. 260 മില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് തുകയ്ക്കാണ് നെയ്മര്‍ ബാഴ്സയില്‍ നിന്ന് ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്ക് പോകുന്നത്.

2013ല്‍ ബ്രസീല്‍ ക്ലബ്ബ് സാന്റോസില്‍ നിന്ന് ബാഴ്സയിലെത്തിയ നെയ്മര്‍ ടീമിനൊപ്പം രണ്ട് ലാ ലിഗ കിരീടങ്ങളിലും ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലും പങ്കാളിയായി. ബാഴ്സയില്‍ പലപ്പോഴും മെസിയുടെയും സുവാരസിന്റെയും നിഴലിലായിരുന്നു ബ്രസീല്‍ സൂപ്പര്‍ താരം