ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. സ്റ്റോക്ക് സിറ്റിയെ  ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തോല്‍പിച്ചത്.

സ്വന്തം മണ്ണില്‍ പരാജയമറിയാതെ മുന്നേറുന്ന ലിവര്‍പൂള്‍ പതിവ് തെറ്റിച്ചില്ല. ചെമ്പടയെ തകര്‍ക്കാന്‍ പദ്ധതിയൊരുക്കിയെത്തിയ സ്റ്റോക്ക് സിറ്റിയാണ് ആദ്യ മിനുട്ടുകളില്‍ ആക്രമിച്ചു കളിച്ചത്. പന്ത്രണ്ടാം മിനുട്ടില്‍ ആന്‍ഫീല്‍ഡില്‍ നിറഞ്ഞു കവിഞ്ഞ ആരാധകരെ നിരാശരാക്കി ജോണ്‍ വാള്‍ട്ടേര്‍സിന്റെ ഹെഡ്ഡര്‍ ഗോളിലൂടെ സ്റ്റോക്ക് സിറ്റി മുന്നിലെത്തി. മുപ്പത്തിനാലാം മിനുട്ടില്‍ ആദം ലല്ലാനയിലൂടെ ലിവര്‍പൂളിന്റെ മറുപടി.  പത്തു മിനുട്ടിന് ശേഷം റോബര്‍ട്ടോ ഫിര്‍മിനോ ലിവര്‍പൂളിന്റെ ലീഡുയര്‍ത്തി.

രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ ആക്രമണം കടുപ്പിച്ചു. അമ്പത്തിയൊമ്പതാം മിനുട്ടില്‍ ഇംപ്യൂലയുടെ ദാനഗോളിലൂടെ മൂന്നാമതും സ്റ്റോക്ക് സിറ്റിയുടെ വലകുലുങ്ങി. എഴുപതാം മിനുട്ടില്‍ സീസണിലെ തന്റെ ആദ്യ ഗോള്‍ ടീമിന് സമ്മാനിച്ച് ഡാനിയല്‍ സ്റ്റെറിഡ്ജ് പട്ടിക പൂര്‍ത്തിയാക്കി.ജെര്‍ഗന്‍ ക്ലോപ്പിന്റെ കീഴില്‍ ലിവര്‍ പൂളിന്റെ നൂറാം ഗോളായിരുന്നു ഇത്. വിജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ചെല്‍സിയുമായുള്ള പോയിന്റ് വ്യത്യാസം ആറാക്കി ചുരുക്കിയ ലിവര്‍പൂള്‍ രണ്ടാമതെത്തി. മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായി പുതുവര്‍ഷ രാവിലാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം.