ഫിര്‍മിനോയുടെ മനോഹരമായ മുന്നേറ്റത്തിനൊടുവില്‍ സാനേയിലേക്ക് പന്ത് മാനേയിലേക്കെത്തി, ലിവര്‍പൂള്‍ മൂന്ന് ഗോളുകള്‍ക്ക് മുന്നില്‍
ലിവര്‍പൂള്‍: കഴിഞ്ഞ സീസണിലെ ഗോളടി മുഹമ്മദ് സലായും സാദിയോ മാനേയും തുടര്‍ന്നപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ വിജയം. 2018 സീസണിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ്ഹാം യുണെെറ്റഡിനെയാണ് ചുവപ്പന്‍ പട എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ആന്‍ഫീല്‍ഡില്‍ മുക്കിയത്. ലിവറിനായി സാദിയോ മാനേ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ മുഹമ്മദ് സലായും ഡാനിയേല്‍ സ്റ്റുറിഡ്ജും ഗോള്‍പ്പട്ടികയില്‍ ഓരോ ഗോളുമായി വിജയത്തിന്‍റെ മാറ്റേറ്റി.
മാനേ-സലാ- ഫിര്‍മിനോ ത്രയങ്ങളെ മുന്നില്‍ അണിനിരത്തി സീസണില്‍ മിന്നുന്ന തുടക്കം തന്നെയാണ് വെസ്റ്റ്ഹാമിനെതിരെ ക്ലോപ്പ് ലക്ഷ്യമിട്ടത്. ബ്രസീലിയന്‍ താരം അലിസണ്‍ ലിവറിന്‍റെ വലയും കാത്തു. കളി തുടങ്ങിയ 19-ാം മിനിറ്റില്‍ തന്നെ സലായിലൂടെ ലിവര്‍പൂള്‍ ലീഡ് എടുത്തു. റോബര്‍ട്ട്സണിന്‍റെ പാസില്‍ നിന്നായിരുന്ന ഈജിപ്ത് താരത്തിന്‍റെ ഗോള്‍. അധികം പ്രശ്നങ്ങളില്ലാതെ ആദ്യപകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രമുള്ളപ്പോള്‍ മാനേ തന്‍റെ ആദ്യ ഗോള്‍ പേരിലെഴുതി.
ഇത്തവണ മില്‍നറാണ് ഗോളിന് വഴിയൊരുക്കിയത്. രണ്ടാം പകുതി തുടങ്ങി അധികം വെെകാതെ ലിവറിന്‍റെ ആഫ്രിക്കന്‍ കരുത്ത് വെസ്റ്റഹാം വീണ്ടും അറിഞ്ഞു. ഫിര്‍മിനോയുടെ മനോഹരമായ മുന്നേറ്റത്തിനൊടുവില്‍ പന്ത് മാനേയിലേക്കെത്തി, ലിവര്‍പൂള്‍ മൂന്ന് ഗോളുകള്‍ക്ക് മുന്നില്‍. വിജയം ഉറപ്പിച്ച സലായും സംഘവും വീണ്ടും വെസ്റ്റ്ഹാം പോസ്റ്റിലേക്ക് ഇരച്ചെത്തി.
88-ാം മിനിറ്റില്‍ പകരക്കാരനായി വന്ന ഡാനിയേല്‍ സ്റ്റുറിഡ്ജ് കൂടെ ഗോള്‍ കണ്ടെത്തിയതോടെ വെസ്റ്റ്ഹാമിന്‍റെ അട്ടിമറി മോഹത്തിന് മേല്‍ അവസാന ആണിയും തറയ്ക്കപ്പെട്ടു. ഇത്തവണ ടീമിലെത്തിയ ഷക്കീരിയെ 84-ാം മിനിറ്റില്‍ പകരക്കാരനായാണ് ക്ലോപ്പ് കളത്തിലിറക്കിയത്.
