ദില്ലി: ലോധകമ്മിറ്റി നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്ക് ബിസിസിഐ ഇടക്കാല ഭരണസമിതിയുടെ അന്ത്യശാസനം.ലോധ കമ്മിറ്റി നിർദ്ദേശിച്ച യോഗ്യതകളില്ലാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തോയെന്ന് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾ മാർച്ച് ഒന്നിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പുതിയ ഭരണ സമിതിയുടെ നിർദ്ദേശം.

വിനോദ്റ റായ് അധ്യക്ഷനായ പുതിയ ഭരണ സമിതിയാണ് എല്ലാ സംസ്ഥാന അസോസിയേഷനുകൾക്കും ലോധ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ എത്രമാത്രം നടപ്പിലാക്കിയെന്ന് ചോദിച്ച് കത്തയച്ചിട്ടുള്ളത്. അടുത്തമാസം, ഒന്നിനകം സംസ്ഥാന അസോസിയേഷനുകൾ റിപ്പോർട്ട് സമർപ്പിക്കണം. യോഗ്യതകൾ ഇല്ലാത്ത ഭാരവാഹികളെ അയോഗ്യരാക്കണമെന്ന ലോധ കമ്മിറ്റി നിർദ്ദേശം പാലിക്കപ്പെട്ടിട്ടുണ്ടോ എന്നാണ് ഇടക്കാല ഭരണ സമിതി അന്വേഷിക്കുന്നത്. ഭാരവാഹികൾക്കെതിരെ മാത്രമല്ല സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളിലെ മറ്റ് അംഗങ്ങൾക്കെതിരെയും യോഗ്യതാ മാനദണ്ഢങ്ങൾ അനുസരിച്ച് നടപടി സ്വീകരിക്കണമെന്നാണ് ഭരണ സമിതിയുടെ നിലപാട്.

ലോധ കമ്മിറ്റിയുട യോഗ്യതകൾ സംബന്ധിച്ച നിർദ്ദേശത്തിൽ അവ്യക്തതയുണ്ടെന്നും ഇതിൽ ഇടക്കാല ഭരണ സമിതി വ്യക്തത വരുത്തണമെന്നും സംസ്ഥാന അസോസിയേഷനുകൾ ആവശ്യപ്പെട്ടതിന് പുറകെയാണ് അന്ത്യശാസനവുമായി ഭരണ സംമിതി രംഗത്തെതത്തിയിരിക്കുന്നത്. ഇതിനോടകം ലോധ കമ്മിറ്റി നിർദ്ദേശങ്ങൾ നടപ്പിലാക്കിയവർ നടപടിയുടെ ഉത്തരവിന്റെ കോപ്പിയും സത്യവാങ്മൂലവും ലോധ കമ്മിറ്റിക്കും സുപ്രീം കോടതിയ്ക്കും സമർപ്പിക്കണമെന്നും നേരത്തെ നിർദ്ദേശം വന്നിരുന്നു.