പറഞ്ഞു വരുന്നത് കന്യാകുമാരിയിലെ തീരദേശ മേഖലയുടെ ഫുട്ബോൾ പ്രേമത്തെപ്പറ്റിയാണ്. കേരളത്തിലെ മലബാർ മേഖലയും, ഇന്ത്യയുടെ വടക്കു കിഴക്കേ കോണും, കൊൽക്കത്തയും പോലെ ഫുട്ബോളിന് വളക്കൂറുള്ള മണ്ണുതന്നെയാണ് ഇന്ത്യയുടെ തെക്കേയറ്റത്തെ ഈ തീരദേശ മേഖലയിലെ ചെറുഗ്രാമങ്ങൾ
ഉദയസൂര്യന്‍റെ പൊൻകിരണങ്ങൾ ആദ്യം തഴുകുന്നത് കന്യാകുമാരിയിലെ കടൽത്തീരത്തെ മണൽതരികളെയാണ്. എന്നാൽ, അവിടത്തെ ഒരു പറ്റം യുവാക്കൾ സൂര്യനെക്കാൾ മുന്നേ ഉറക്കമെണീക്കും, എന്നിട്ടവർ കടലമ്മയുടെ വിരിമാറിൽ പന്തു തട്ടാൻ തുടങ്ങും...
പ്രതിബന്ധം തീർക്കുന്ന ഉപ്പുകാറ്റിനെ വകഞ്ഞുമാറ്റി കടലിനോടു മല്ലിട്ടു ബലിഷ്ടങ്ങളായ ആ കാലുകൾ കരുത്തുറ്റ ഷോട്ടുകൾ പായിക്കും. അവരുടെ ആരവങ്ങൾ തിരമാലകളുടെ ശബ്ദത്തേക്കാൾ ഉച്ചത്തിൽ ആ കടൽത്തീരങ്ങളിൽ അലയടിക്കും.
പറഞ്ഞു വരുന്നത് കന്യാകുമാരിയിലെ തീരദേശ മേഖലയുടെ ഫുട്ബോൾ പ്രേമത്തെപ്പറ്റിയാണ്. കേരളത്തിലെ മലബാർ മേഖലയും, ഇന്ത്യയുടെ വടക്കു കിഴക്കേ കോണും, കൊൽക്കത്തയും പോലെ ഫുട്ബോളിന് വളക്കൂറുള്ള മണ്ണുതന്നെയാണ് ഇന്ത്യയുടെ തെക്കേയറ്റത്തെ ഈ തീരദേശ മേഖലയിലെ ചെറുഗ്രാമങ്ങൾ.
കടലമ്മയുടെ ദാനമായ ചാകരകളിലും, ട്രോളിംഗ് നിരോധനം നൽകുന്ന വറുതിയുടെ ദിനങ്ങളിലും ഒരുപോലെ ഇവർ കാല്‍പ്പന്തുകളിയെ സ്നേഹിക്കുന്നു.
കന്യാകുമാരിയുടെ ഈ ഫുട്ബോൾ കമ്പത്തിനു അര പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. തൂത്തൂർ, കൊല്ലങ്കോട് പഞ്ചായത്തുകളിലെ ഇരവിപുത്തൻതുറ, ചിന്നത്തുറ, പൂന്തുറ, തൂത്തൂർ, വള്ളവിള, മാർത്താണ്ഡംവിള മുതലായ പത്തോളം തീരദേശ ഗ്രാമങ്ങളിൽ ഫുട്ബോൾ ഒരു വികാരമാണ്. അർജന്റീനയും ബ്രസീലും അവരുടെ സായാഹ്ന സംവാദങ്ങളിലെ സ്ഥിരം വിഷയങ്ങളാണ്. മറഡോണയും മെസിയും നെയ്മറും അവരുടെ ഹൃദയത്തിലേ പൊൻതാരകങ്ങളാണ്. ഏതാണ്ട് അൻപതോളം ഫുട്ബോൾ ഗ്രൗണ്ടുകൾ ഈ മേഖലയിലെ പ്രഭാതങ്ങളെ സജീവമാക്കുന്നു.
മലപ്പുറത്തെയും മറ്റും ഫുട്ബോൾ ഗ്രാമങ്ങളിലേത് പോലെ തലമുറകളായി കൈമാറി വന്നത് തന്നെയാണ് ഇവിടത്തെയും കളിക്കമ്പം. നമ്മുടെ നാട്ടിൽ കാണാറുള്ള സെവൻസ് ടൂർണമെന്റുകൾ പോലെതന്നെ ഈ പ്രദേശങ്ങളിലും ധാരാളം പ്രാദേശിക ടൂർണമെന്റുകൾ സംഘടിപ്പിക്കപ്പെടാറുണ്ട്.
കേരളം, ഗോവ, മുതലായ അന്യസംസ്ഥാനങ്ങളിൽ നിന്ന് പോലും പ്രധാന ക്ലബ്ബുകൾ ഇവിടത്തെ ചുണക്കുട്ടികളുമായി മാറ്റുരയ്ക്കുന്നു. ഇത്തരം ക്ലബ്ബുകളിൽ കളിക്കുന്ന ശാരീരികശേഷിയുള്ള ആഫ്രിക്കൻ താരങ്ങൾ പോലും കടലിന്റെ മക്കളുടെ കളിക്കരുത്തിന് മുന്നിൽ അടിയറവു പറയാറുണ്ടത്രെ..!
കടലിന്റെ മക്കളുടെ ഈ കളിമികവിന് നാട്ടുകാരുടെ മുഴുവൻ പിന്തുണയും ലഭിക്കുന്നുണ്ട്. ഈ പ്രദേശത്തെ മിക്ക പാരിഷുകളുടെയും നേതൃത്വത്തിൽ ഫുട്ബോൾ ക്ലബ്ബുകൾ രൂപീകരിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപ മുതൽമുടക്കുള്ള മത്സരങ്ങൾ സംഘടിപ്പിക്കപ്പെടുന്നതും ഇത്തരം ക്ലബ്ബുകളുടെ നേതൃത്വത്തിലാണ്. കളിക്കമ്പം മൂക്കുന്ന ചില സായാഹ്നങ്ങളിൽ ളോഹയണിഞ്ഞു പന്തുതട്ടുന്ന ഇവിടത്തെ പുരോഹിതൻമാർ ഏതൊരു കളിപ്രേമിയെയും രോമാഞ്ചമണിയിക്കുന്നൊരു കാഴ്ചയാണ്.

മുൻപിവിടങ്ങളിൽ കളിച്ചുവളർന്ന നല്ല മനസ്സുകളുടെ സാമ്പത്തിക സഹായങ്ങളും ഇവർക്ക് പിന്തുണയായുണ്ട്. അവർ ഇവിടത്തെ കുരുന്നു പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകുന്നു. പിന്നീട് ചെന്നൈയിലും മറ്റുമുള്ള കായിക വിദ്യാലയങ്ങളിൽ പ്രവേശനം നേടി കൂടുതൽ പ്രൊഫഷണൽ പരിശീലനം നേടിക്കൊടുത്ത മികച്ച കായികതാരങ്ങളെ വാർത്തെടുക്കുന്നു.
ഇന്ത്യൻ ഫുട്ബോൾ ലോകത്തിന് ഒട്ടേറെ മികച്ച കളിക്കാരെ സംഭാവന ചെയ്യാൻ ഈ ചെറു പ്രദേശത്തിന് സാധിച്ചിട്ടുണ്ട്. തമിഴ്നാട് സന്തോഷ് ട്രോഫി ടീം നായകൻ മൈക്കൽ റീഗൻ, ചെന്നൈ സിറ്റി എഫ്. സി. നായകൻ മൈക്കൽ സൂസൈരാജ്, മുൻ തമിഴ്നാട് ടീം വൈസ് ക്യാപ്റ്റൻ ആയിരുന്ന "ജൂനിയർ ജിഗാൻ" മുതലായ പേരുകൾ അവയിൽ ചിലത് മാത്രമാണ്. ഇന്ത്യൻ ബാങ്ക്, ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി മുതലായ ധാരാളം ടീമുകളുടെ ജീവനാഡിയായി പ്രവർത്തിക്കുന്നതും ഈ ചെറുഗ്രാമങ്ങളിൽ നിന്നുള്ള മിടുക്കന്മാരാണ്.
തമിഴ്നാട് സംസ്ഥാനത്താണ് എങ്കിലും കേരള തലസ്ഥാനത്തു നിന്ന് വെറും അൻപതിൽ താഴെ കിലോമീറ്ററുകൾ ദൂരമേയുള്ളൂ ഇവിടേയ്ക്ക്. മലയാളവും തമിഴും ഇടകലർത്തിയുള്ളൊരു സംഭാഷണ ശൈലിയാണ് ഈ പ്രദേശത്തുകാർ ഉപയോഗിക്കുന്നതും.
ഈസ്റ്റർ, ക്രിസ്തുമസ് സീസണുകളിൽ സംഘടിപ്പിക്കപ്പെടുന്ന ഫുട്ബോൾ ടൂർണമെന്റുകളിൽ ഉച്ചഭാഷിണിയിലൂടെ മിക്കവാറും മുഴങ്ങാറുള്ളതും മലയാളത്തിലുള്ള കമന്ററി തന്നെ.
ആ ഉച്ചഭാഷിണികളിലൂടെ മുഴങ്ങുന്ന വാക്കുകൾ ആവേശമാക്കി കടലിന്റെ മക്കൾ പൂഴിമണലിൽ പന്തു തട്ടും, ഭാവിയിൽ ആ കാലുകൾ പുൽമൈതാനങ്ങളെ ആവേശഭരിതമാക്കുന്ന നല്ല നാളുകൾ സ്വപ്നം കണ്ടുകൊണ്ട്..!
