ബ്രസീലിനെ ലോകകപ്പ് ജേതാക്കളാക്കിയ പരിശീലകനെ കളി പഠിപ്പിക്കാന്‍ ക്ഷണിച്ച് കൊളംബിയ. ഹോസെ പെക്കര്‍മാന്‍ പടിയിറങ്ങിയ ഒഴിവിലേക്കാണ് സ്‌കൊളാരിയെ പരിഗണിക്കുന്നത്... 

റിയോ ഡി ജനീറോ: ബ്രസീലിനെ ലോകകപ്പ് ജേതാക്കളാക്കിയ ഇതിഹാസ പരിശീലകന്‍ ലൂയിസ് ഫിലിപ്പെ സ്‌കൊളാരിക്ക് കൊളംബിയന്‍ ദേശീയ ടീമില്‍ നിന്ന് ഓഫര്‍. റഷ്യന്‍ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഹോസെ പെക്കര്‍മാന്‍ പടിയിറങ്ങിയ ഒഴിവിലേക്കാണ് സ്‌കൊളാരിയെ പരിഗണിക്കുന്നത്. 

ബ്രസീലിയന്‍ ക്ലബ് പാല്‍മിറാസിനെ പരിശീലിപ്പിക്കുകയാണ് സ്‌കൊളാരിയിപ്പോള്‍. പരിശീലകനാകാന്‍ ഓഫര്‍ ലഭിച്ചതായി സ്‌കൊളാരി തന്നെയാണ് വെളിപ്പെടുത്തിയത്. ബ്രസീലിയന്‍ ആഭ്യന്തര ലീഗ് അവസാനിക്കുന്നയുടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. താന്‍ ഏറെ അംഗീകരിക്കപ്പെട്ട പാല്‍മിറാസ് ടീമിനെയും ആരാധകരെയും കൂടി പരിഗണിച്ചായിരിക്കും തീരുമാനമെന്നും സ്‌കൊളാരി വ്യക്തമാക്കി.

ബ്രസീലിനെ രണ്ട് തവണ പരിശീലിപ്പിച്ച സ്‌കൊളാരി 2002ല്‍ അവരെ ലോകകപ്പ് ജേതാക്കളാക്കി. എന്നാല്‍ സ്‌കൊളാരിയുടെ രണ്ടാംവരവില്‍ 2014 ലോകകപ്പ് സെമിയില്‍ ജര്‍മനിയോട് 7-1ന് ദയനീയമായി പരാജയപ്പെട്ട് ബ്രസീല്‍ ടീം പുറത്തായി. പോര്‍ച്ചുഗലിനെ പരിശീലിപ്പിച്ചപ്പോള്‍ 2004 യൂറോകപ്പില്‍ അവരെ ഫൈനലിലെത്തിച്ചു. സ്‌കൊളാരിക്ക് കീഴില്‍ 2006 ലോകകപ്പ് സെമിയിലെത്താനും പോര്‍ച്ചുഗലിനായി.