കൊച്ചി: പരിശീലനത്തിന് പണമില്ലാത്തതിനാല്‍ മെഡലുകള്‍ വില്‍ക്കാനൊരുങ്ങിയ മലയാളി നീന്തല്‍താരം സജന്‍ പ്രകാശിന് സഹായവുമായി ലുലുഗ്രൂപ്പ്. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെത്തുടര്‍ന്ന് സജന്‍ പ്രകാശിന്‍റെ അമ്മയ്ക്ക് ലുലു അധികൃതര്‍ മൂന്ന് ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
മറ്റ് വഴികളില്ലെങ്കില്‍ നീന്തി നേടിയ മെഡലുകള്‍ വിറ്റ് പരിശീലനത്തിന് പോകുമെന്ന് മുന്‍ അത്‌ലറ്റ് കൂടിയായ മാതാവ് ഷാന്‍റി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സജന്‍ പ്രകാശിന് പരിശീലനത്തിന് സാമ്പത്തിക സഹായം നല്‍കാന്‍ ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എം യൂസഫലി നിര്‍ദേശിച്ചത്.
കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകള്‍ക്ക് മുന്നോടിയായി തായ്‌ലന്‍റില്‍ പരിശീലനത്തിലാണ് സജനിപ്പോള്‍. ഇക്കഴിഞ്ഞ ജനുവരിയില്‍ കേരളപോലീസില്‍ സജന് സര്‍ക്കാര്‍ നിയമനം നല്‍കിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഇതുവരെ ശമ്പളം ലഭിച്ചില്ല. അധികൃതരുടെ ഇടപെടലിലൂടെ ഈ തടസങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് സജനും കുടുംബവും.
