ജൊഹന്നസ്ബര്‍ഗ്: സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യയെ എറിഞ്ഞിട്ടത് ഏഴ് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റ പേസര്‍ ലുങ്കി എന്‍ഗിറ്റിയാണ്. രണ്ടാം ഇന്നിംഗ്സില്‍ 39 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ പിഴുത എന്‍ഗിറ്റിയുടെ മാസ്മരിക സ്‌പെല്ലിലാണ് ഇന്ത്യ 135 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയത്. ഇന്ത്യയെ എറിഞ്ഞിട്ട ലുങ്കി എന്‍ഗിറ്റിയെ ലുങ്കി ഡാന്‍സുമായി താരതമ്യം ചെയ്തിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍.
ഇരു ഇന്നിംഗ്സുകളില്‍ നിന്നായി ഏഴു വിക്കറ്റെടുത്ത ലുങ്കി എന്‍കിടിയാണ് സെഞ്ചുറിയന്‍ ടെസ്റ്റിലെ മാന്‍ ഓഫ് ദ മാച്ച്. എന്നാല്‍ ക്രിക്കറ്റല്ല സെഞ്ചൂറിയനില്‍ നടന്നത് ലുങ്കി ഡാന്‍സാണെന്നാണ് ട്വിറ്റര്‍ ചര്‍ച്ചകള്‍ ചൂടുപിടിച്ചത്. 26 വര്‍ഷം നീണ്ട വൈര്യത്തിനിടയില്‍ ഇന്ത്യ ലുങ്കി ഡാന്‍സ്, ലുങ്കി എന്‍ഗിറ്റി എന്നീ രണ്ട് ലുങ്കികള്‍ കണ്ടുപിടിച്ചു എന്നായിരുന്നു ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തത്.
മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം ലഭിച്ചാല്‍ എന്‍ഗിറ്റി ലുങ്കി ഡാന്‍സ് കളിക്കണമെന്നായിരുന്നു മറ്റൊരു ആരാധകന്‍റെ ആവശ്യം. ലുങ്കി ഡാന്‍ഡ് പ്ലേ ചെയ്യുന്ന ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രിയുടെ ചിത്രം ട്വീറ്റ് ചെയ്ത ആരാധകനും ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. ഷാറൂഖ് ഖാന്‍ നായകനായ ചെന്നൈ എക്‌സ്‌പ്രസ് എന്ന സിനിമയിലെ ഗാനമായ ലുങ്കി ഡാന്‍ഡ് ആരാധകരെ ഇളക്കിമറിച്ച വലിയ ഹിറ്റായിരുന്നു.
