ധര്‍മശാല: മികച്ച തുടക്കത്തിനുശേഷം ഇന്ത്യയ്ക്ക് അടിതെറ്റിയപ്പോള്‍ ധര്‍മശാല ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡിനായി ഇഞ്ചോടിഞ്ച് പോരാട്ടം. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 300 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സെടുത്തിട്ടുണ്ട്. 10 റണ്‍സുമായി സാഹയും 16 റണ്‍സോടെ ജഡേജയും ക്രിസില്‍. നാലു വിക്കറ്റ് കൂടി ശേഷിക്കെ ഇന്ത്യ ഇപ്പോഴും ഓസീസ് സ്കോറിന് 52 റണ്‍സ് പിന്നിലാണ്. വാലറ്റം അവസരത്തിനൊത്തുയര്‍ന്നില്ലെങ്കില്‍ ആദ്യദിനം ബൗളര്‍മാര്‍ നല്‍കിയ മുന്‍തൂക്കം ഇന്ത്യയ്ക്ക് നഷ്ടമാവും.
മികച്ച ലീഡിനായി രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലെ ഓപ്പണര്‍ മുരളി വിജയ്‌യെ(11) നഷ്ടമായി. സ്കോര്‍ബോര്‍ഡില്‍ 21 റണ്‍സ് മാത്രമെ അപ്പോഴുണ്ടായിരുന്നുള്ളു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ 85 റണ്‍സ് കൂട്ടിച്ചേര്‍ത്ത പൂജാര-രാഹുല്‍ സഖ്യം ഇന്ത്യയ്ക്ക് വലിയ സ്കോറിനുള്ള അടിത്തറയിട്ടു. ഒരിക്കല്‍ കൂടി അര്‍ധസെഞ്ചുറി നേടിയശേഷം വമ്പന്‍ അടിക്ക് ശ്രമിച്ച് രാഹുല്‍(60) വീണു. ചായക്കു പിരിയുമ്പോള്‍ 153/2 എന്ന മികച്ച നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍ ചായക്കുശേഷം പൂജാര(57) വീണതോടെ ഇന്ത്യ ആടിയുലഞ്ഞു.
പൂജാരയ്ക്ക് പിന്നാലെ കരുണ്‍ നായരും(5) മടങ്ങി. അശ്വിനെ കൂട്ടുപിടിച്ച് രഹാനെ ഇന്ത്യയെ 200 കടത്തിയെങ്കിലും ലയണിന്റെ പന്തില്‍ രഹാനെ(46) വീണു. അധികം വൈകാതെ അശ്വിനെയും(30) ലയണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഓസീസ് ഭേദപ്പെട്ട ലീഡ് തോന്നുമെന്ന് തോന്നിച്ചു. എന്നാല്‍ ഭാഗ്യത്തിന്റെ പിന്തുണയോടെ സാഹയും(10) ജഡേജയും(16) ചേര്‍ന്ന് രണ്ടാം ദിനം ഇന്ത്യയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 248ല്‍ എത്തിച്ചു.
9 റണ്‍സെടുത്ത് നില്‍ക്കെ രണ്ടാം ദിനം അവസാന ഓവറുകളില്‍ സാഹ നല്‍കിയ അനായാസ ക്യാച്ച് സ്ലിപ്പില്‍ റെന്‍ഷാ നിലത്തിട്ടില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ നില കൂടുതല്‍ പരിതാപകരമായേനെ. ഓസീസിനായി നാലു വിക്കറ്റെടുത്ത നഥാന്‍ ലയണ്‍ ഒരിക്കല്‍ കൂടി ഇന്ത്യയുടെ അന്തകനായി. കമിന്‍സും ഹേസല്‍വുഡും ഓരോ വിക്കറ്റെടുത്തു.
