ദില്ലി: ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ മഹേന്ദ്രസിംഗ് ധോണിയുടെ തീരുമാനം അപ്രതീക്ഷിതമായിരുന്നു. ധോണിയുടെ ക്യാപ്റ്റന്‍ പദവിയില്‍ ഇന്ത്യ കഴിഞ്ഞ പത്തുവര്‍ഷം നേടിയതു മികച്ച വിജയങ്ങളായിരുന്നു. ധോണിയുടെ വിരമിക്കലിനു പിന്നാലെ ഭര്‍ത്താവിനെ പിന്തുണച്ചു ഭാര്യ സാക്ഷി സിംഗ് നടത്തിയ ട്വീറ്റ് വൈറലായി. ധോണിക്കു കിഴടക്കാന്‍ കഴിയാത്ത ഉയരങ്ങളില്ല എന്നു ട്വീറ്റിലൂടെ സാക്ഷി പറയുന്നു. ഭര്‍ത്താവിന്റെ ഇതുവരെയുള്ള നേട്ടങ്ങളില്‍ അഭിമാനമുണ്ടെന്നും സാക്ഷി ട്വീറ്റ് ചെയ്തു. 

സിനിമ താരവുമായുള്ള പ്രണയമടക്കം ധോണിക്ക് എതിരെയുള്ള ഗോസിപ്പുകള്‍ പരക്കുന്നതിനിടയിലാണു ഒരു സാധാരണകുടുംബത്തില്‍ നിന്നു വന്ന ഹോട്ടല്‍ മാനേജ്‌മെന്‍റ് ബിരുദധാരിയായ സാക്ഷി ധോണിയെ വിവാഹം കഴിക്കുന്നത്. തന്റെ ജീവിതത്തില്‍ മൂന്നാം സ്ഥാനം മാത്രമാണു ഭാര്യ സാക്ഷിക്കുള്ളതെന്നാണു ധോണിയുടെ പക്ഷം.

ഒന്നാം സ്ഥാനം രാജ്യത്തിനു രണ്ടാംസ്ഥാനം അച്ഛനും അമ്മയ്ക്കും അതിനു താഴെ മൂന്നാമതു മാത്രമാണു ഭാര്യ സാക്ഷിയുടെ സ്ഥാനം എന്നു ധോണി പറയുന്നു. പ്രധാന ദേശിയ അന്തര്‍ദേശിയ മത്സരങ്ങള്‍ക്കു പോകുമ്പോഴും ഐപിഎല്‍ മത്സരങ്ങളിലും ധോണിക്കു പ്രോത്സാഹനമായി സാക്ഷി ഗ്യാലറിയില്‍ ഉണ്ടാകുമായിരുന്നു.