മുംബൈ: മഹാപ്രളയത്തെ പ്രതിരോധിക്കാൻ ടൗവലുകൾക്ക് കഴിയുമോ? അതും ഗ്രാൻഡ്സ്ലാം ടൗവലുകൾക്ക്. കഴിയുമെന്നാണ് ഇന്ത്യൻ ടെന്നീസ് താരം മഹേഷ് ഭൂപതിയുടെ ഭാര്യയും നടിയുമായ ലാറാ ദത്ത തെളിയിച്ചിരിക്കുന്നത്. എങ്ങനെയെന്നല്ലേ, കനത്ത മഴയിൽ വീട്ടിലേക്ക് വെള്ളം കയറുന്നത് തടയാനായി അടച്ചിട്ട ചില്ലുവാതലുകളുടെ ചുവട്ടിലാണ് ലാറാ ദത്ത ഭൂപതിയുടെ ഗ്രാൻഡ് സ്ലാം ടൗവലുകൾ നിരത്തിവച്ചത്.
അതും വിംബിൾഡൺ, യുഎസ് ഓപ്പൺ, ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ എന്നീ ടൂർണമെന്റുകളിലെ ടൗവലുകൾ..! ഇതുമാത്രമല്ല, ഈ സാധനങ്ങൾ നല്ല ഉപയോഗപ്രദമാണെന്ന് അടിക്കുറിപ്പോടെ സംഭവത്തിന്റെ ചിത്രമെടുത്ത് നാട്ടുകാർക്ക് കാണാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഇതൽപ്പം കടന്നകൈയായിപ്പോയെന്ന് തോന്നുന്നില്ലെ. ശരിയാണ്, അതുതന്നെ ഭൂപതിക്കും തോന്നി. ഞെട്ടിപ്പോയ ഭൂപതി അപ്പോൾ തന്നെ മറു ട്വീറ്റ് പായിച്ചു. നീ എന്നെ കളിയാക്കുകയാണോ? നീ തറയിൽ വിരിച്ചത് വർഷങ്ങളുടെ കഠിനാധ്വാനമാണെന്ന് അദ്ദേഹം ട്വീറ്റി. ലാറയുടെ മറു ട്വീറ്റൊന്നും കാണാത്തതുകൊണ്ട് ടൗവലൊരു കുടുംബ പ്രശ്നമായി മാറിയിട്ടില്ലെന്നാണ് കരുതുന്നത്.
കഴിഞ്ഞ 48 മണിക്കൂറായി തുടരുന്ന കനത്ത മഴയിൽ മുംബൈ നഗരം നിശ്ചലമായിരിക്കുകയാണ്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. 2005 ജൂലൈ 26 ന് ശേഷം ഇതാദ്യമായാണ് ഇത്രയും ശക്തമായതും ദീർഘനേരം നീണ്ടുനിൽക്കുന്നതുമായ മഴയുണ്ടാകുന്നത്. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ വീടുവിട്ട് പുറത്തിറങ്ങരുതെന്ന് നഗരവാസികൾക്ക് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. സാധാരണയിലും ഒമ്പത് മടങ്ങ് ശക്തിയായ മഴയാണ് അനുഭവപ്പെട്ടത്.
