കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് ഒരുക്കങ്ങളില്‍ ഇഴഞ്ഞുനീങ്ങിയ കൊച്ചിക്ക് തിരിച്ചടി. ലോകകപ്പിലെ പ്രധാന മത്സരങ്ങള്‍ ഒന്നും കൊച്ചിയില്‍ നടക്കില്ല. ഗ്രൂപ്പ് ഘട്ടത്തിലെ ആറ് മത്സരങ്ങള്‍ക്കും, ഒക്ടോബര്‍ 22ന് നടക്കുന്ന ഒരു ക്വാര്‍ട്ടര്‍ ഫൈനലിനും മാത്രമാകും കൊച്ചി വേദിയാവുക. ഒക്ടോബര്‍ 28ന് കൊല്‍ക്കത്തയിലാകും ഫൈനല്‍.

കൊച്ചിയിലെത്തിയ ഫിഫ സംഘത്തിന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് പ്രഖ്യാപനം. ഒക്ടോബര്‍ ആറിന് ഉദ്ഘാടന മത്സരത്തിന്റെ വേദിയായ നവി മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 25ന് ആദ്യ സെമി നടക്കും. ഗുവാഹത്തിയാണ് രണ്ടാം സെമിയുടെ വേദി. ജൂലൈ ഏഴിന് മുംബൈയില്‍ നടക്കുന്ന നറുക്കെടുപ്പിലൂടെയാകും ടൂര്‍ണമെന്റിന്റെ മത്സരക്രമം തീരുമാനിക്കുക. അന്തരീക്ഷ മലിനീകരണം കാരണം ദില്ലിക്കും കാണികളുടെ പങ്കാളിത്തം കുറവായതിനാല്‍ ഗോവയ്ക്കും അനുവദിക്കില്ലെന്ന് ഫിഫ നേരത്തെ അറിയിച്ചിരുന്നു.

കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയം കഴിഞ്ഞാല്‍ ഏറ്റവുമധികം കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയമായിട്ടും ഫിഫ സംഘത്തിന്റെ പരസ്യവിമര്‍ശമനം കൊച്ചിയ്ക്ക് തിരിച്ചടിയായി. രാജ്യത്തെ ഏറ്റവും മികച്ച കാണികളെന്ന പ്രശംസ നേടിയിട്ടും രാജ്യാന്തര ശ്രദ്ധ നേടുന്ന പ്രധാന മത്സരങ്ങള്‍ കൊച്ചിക്ക് നഷ്ടമായതിന് കാരണം സംഘാടകരുടെ പിടിപ്പുകേടാണ്.