ജോഹ്‌നാസ്‌ബര്‍ഗ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പ്രകടനത്തെ വാനോളം പുകഴ്‌ത്തി ദക്ഷിണാഫ്രിക്കന്‍ മുന്‍ പേസര്‍ മഖായ എന്‍ടിനി. ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെക്കാള്‍ മികച്ചവന്‍ കോലി തന്നെയണെന്ന് എന്‍ടിനി പറഞ്ഞു. സ്മിത്തിനെ അപേക്ഷിച്ച് കോലിയ്ക്കുമേല്‍ നൂറുകോടി ജനങ്ങളുട പ്രതീക്ഷയുണ്ട്.

ക്രിക്കറ്റ് ഒരു വികാരമായി കൊണ്ടുനടക്കുന്ന അവരുടെ മുഖത്ത് പുഞ്ചിരി വിരിയിക്കുക എന്ന ചുമതല കോലിയുടെ ചുമലുകളിലാണ്. അത് കോലി ഭംഗിയായി നിറവേറ്റുന്നുമുണ്ട്. അതുകൊണ്ടുതന്നെ കോലിയെ മനുഷ്യനെന്ന് വിളിക്കാനാവില്ല. അയാളൊരു റണ്‍ മെഷീനാണെന്നും എന്‍ടിനി പറഞ്ഞു. സ്മിത്ത് മികച്ച കളിക്കാരനാണ്. പക്ഷെ ക്രീസിലെത്തി ഗാര്‍ഡ് എടുക്കുമ്പോള്‍ തന്നെ കോലിക്കുമേല്‍ നൂറുകോടി പ്രതീക്ഷകളുടെ ഭാരമുണ്ട്. അതു കണക്കിലെടുത്താല്‍ കോലിതന്നെയാണ് മികച്ചവന്‍.

ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തില്‍ അജിങ്ക്യാ രഹാനെയെ പുറത്തിരുത്തിയത് ഇന്ത്യക്ക് തിരിച്ചടിയായെന്നും എന്നാല്‍ ഏകദിന പരമ്പരയില്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും എന്‍ടിനി പറഞ്ഞു.