ഫീല്‍ഡ് ചെയ്യുന്നതിനിടെ ഗാലറിയില്‍ ഇരുന്ന മലയാളികള്‍ മാലിക്കിനെ പുയാപ്ലയെന്ന് (സഹോദരിയുടെ ഭര്‍ത്താവ് എന്ന് അര്‍ഥം) ഉറക്കെ വിളിച്ച് കൊണ്ടിരുന്നു

ദുബായ്: ലോകം കാത്തിരുന്ന പോരാട്ടമാണ് ഇന്നലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏഷ്യാ കപ്പില്‍ അരങ്ങേറിയത്. കളിക്കളം യുദ്ധ സമാനമാകുന്ന ഇന്ത്യ-പാക് പോരില്‍ രോഹിത് ശര്‍മയും സംഘവും മിന്നുന്ന ജയമാണ് സ്വന്തമാക്കിയത്. ഹോംങ്കോഗിനെതിരെ അല്‍പം വിയര്‍ത്ത ഇന്ത്യ ഇന്നലെ എട്ട് വിക്കറ്റിന്‍റെ വിജയമാണ് നേടിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാക്കിസ്ഥാന്‍റെ പോരാട്ടം 162 റണ്‍സില്‍ അവസാനിച്ചു. മറുപടി ബാറ്റിങ്ങില്‍ 29 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ചുറിയാണ് ഇന്ത്യന്‍ വിജയത്തെ എളുപ്പമാക്കിയത്.

നേരത്തെ, മൂന്ന് വിക്കറ്റ് വീതമെടുത്ത കേദാര്‍ ജാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് പാക്കിസ്ഥാനെ തകര്‍ത്തത്. കളി ഇന്ത്യ ജയിച്ചതിനൊപ്പം ഗാലറിയില്‍ അരങ്ങേറിയ ചില സംഭവങ്ങള്‍ കൂടെയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. അതിനുള്ള കാരണമുണ്ടാക്കിയത് വേറാരുമല്ല, യുഎഇയിലെ മലയാളികള്‍ തന്നെ.

ഇന്നലെ ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ പാക്കിസ്ഥാന്‍റെ മുതിര്‍ന്ന താരം ഷോയ്ബ് മാലിക്ക് നിയോഗിക്കപ്പെട്ടത് ബൗണ്ടറി ലെെനിന് അരിക്കില്‍ ഫീല്‍ഡ് ചെയ്യാനാണ്. ഇവിടെ ഫീല്‍ഡ് ചെയ്യുന്നതിനിടെ ഗാലറിയില്‍ ഇരുന്ന മലയാളികള്‍ മാലിക്കിനെ പുയ്യാപ്ലയെന്ന് ഉറക്കെ വിളിച്ച് കൊണ്ടിരുന്നു.

വിളി കേട്ട് മനസിലായിട്ടാണോയെന്ന് അറിയില്ല, മാലിക് തിരിഞ്ഞു നോക്കി. കളിയില്‍ ശ്രദ്ധിക്കട്ടേയെന്ന് ആംഗവ്യം കാണിച്ചു. ടെന്നീസ് താരവും ഇന്ത്യയുടെ അഭിമാനവുമായ സാനിയ മിര്‍സയുടെ ഭര്‍ത്താവാണ് ഷോയിബ് മാലിക്. ഈ ബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണ് ഷോയിബിനെ മലയാളികള്‍ പുയ്യാപ്ലയെന്ന് വിളിച്ച് കൊണ്ടിരുന്നത്.

 ഏഷ്യാ കപ്പില്‍ രണ്ട് വിജയത്തോടെ ഇന്ത്യ സൂപ്പര്‍ ഫോറില്‍ എത്തി കഴിഞ്ഞു. പ്രവാസികളായ മലയാളികള്‍ യുഎഇയില്‍ ഏറെയുള്ളതിനാല്‍ ഇന്ത്യയുടെ കളി കാണാന്‍ ആരാധകരുടെ ഒഴുക്കാണ്. 

വീഡിയോ കാണാം..

Scroll to load tweet…