സൂപ്പര്‍ സേവുകളിലൂടെ ബാറിനുകീഴെ മതില്‍കെട്ടിയ അലിസണിന്‍റെ ഒരു സമ്മാനം മലയാളി ആരാധകന് ലഭിച്ചു. മത്സരശേഷം വിജയാരവങ്ങള്‍ക്കിടെ...

ജിദ്ദ: മലയാളി ഫുട്ബോള്‍ ആരാധകര്‍ കാത്തിരുന്ന മത്സരമായിരുന്നു ജിദ്ദയിലെ കിംഗ് അബ്‌ദുള്ള സ്റ്റേഡിയത്തില്‍ നടന്ന ബ്രസീല്‍- അര്‍ജന്‍റീന സൂപ്പര്‍ ക്ലാസിക്കോ. ഫുട്ബോള്‍ ലോകം എക്കാലവും ആകാംക്ഷയോടെ വീക്ഷിക്കുന്ന ലാറ്റിനമേരിക്കന്‍ ക്ലാസിക്കോ കാണാന്‍ നൂറുകണക്കിന് മലയാളി ആരാധകരാണ് സ്റ്റേഡിയത്തിലെത്തിയത്. ഇഞ്ചുറി ടൈമിലെ ഗോളില്‍ അര്‍ജന്‍റീനയെ ബ്രസീല്‍ തകര്‍ത്തപ്പോള്‍ മലയാളി ആരാധകര്‍ക്ക് സന്തോഷിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു.

അര്‍ജന്‍റീനയ്ക്കെതിരെ സൂപ്പര്‍ സേവുകളിലൂടെ ബാറിനുകീഴെ മതില്‍കെട്ടിയ അലിസണിന്‍റെ ഒരു സമ്മാനം മലയാളി ആരാധകന് ലഭിച്ചു. മത്സരശേഷം വിജയാരവങ്ങള്‍ക്കിടെ അലിസണ്‍ ഗാലറിയിലേക്കെറിഞ്ഞ ഗ്ലൗസ് ലഭിച്ചത് മലപ്പുറം സ്വദേശിക്കാണെന്നാണ് ബ്രസീലിയന്‍ ആരാധകര്‍ പറയുന്നത്. ബ്രസീലിയന്‍ ആരാധകര്‍ സമൂഹമാധ്യമങ്ങളൂടെ ഇത് വലിയ ആഘോഷമാക്കിയിട്ടുണ്ട്. ഇഞ്ചുറി ടൈമില്‍ നെയ്‌മറുടെ കോര്‍ണറില്‍ നിന്ന് പ്രതിരോധതാരം മിറാണ്ടയാണ് ബ്രസീലിന്‍റെ വിജയഗോള്‍ നേടിയത്.