കൊളംബോ: ലങ്കന്‍ പേസര്‍ ലസിത് മലിംഗയ്‌ക്ക് മറ്റൊരു റെക്കോര്‍ഡുകൂടി. ഏകദിനത്തിലും ട്വന്റി 20യിലും ഹാട്രിക് നേടുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടം മലിംഗ സ്വന്തമാക്കി. ബംഗ്ലാദേശിനെതിരെ ഹാട്രിക് നേടിയാണ് മലിംഗ, ബ്രെറ്റ് ലീയുടെ റെക്കോര്‍ഡിനൊപ്പം എത്തിയത്.

ലീയുടെ നേട്ടവും ബംഗ്ലാദേശിനെതിരെ ആയിരുന്നു. പത്തൊമ്പതാം ഓവറിലെ മൂന്ന്, നാല്, അഞ്ച് പന്തുകളില്‍ മുസ്തഫിസുര്‍ റഹ്മാന്‍, മഷ്റഫെ മൊര്‍താസ, മെഹെദി ഹസന്‍ എന്നിവരെ പുറത്താക്കിയാണ് മലിംഗ ഹാട്രിക് തികച്ചത്. ടി20യില്‍ നിന്നുള്ള വിടവാങ്ങല്‍ മത്സരം കളിച്ച ബംഗ്ലാദേശ് നായകന്‍ മഷ്റഫി മൊര്‍താസ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി.

മലിംഗയുടെ ഹാട്രിക്കിനും പക്ഷെ ലങ്കയെ ജയിപ്പിക്കാനായില്ലെന്ന് മാത്രം. 45 റണ്‍സിന് ജയിച്ച ബംഗ്ലാദേശ് ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്ക് പിന്നാലെ ടി20 പരമ്പരയും സമനിലയിലാക്കി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 176 റണ്‍സെടുത്തപ്പോള്‍ ശ്രീലങ്ക 18 ഓവറില്‍ 131 റണ്‍സിന് ഓള്‍ ഔട്ടായി.