ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. യുണൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളിന് ബേണ്‍ലിയെ തോല്‍പിച്ചു. പരുക്ക് മാറിയെത്തിയ റൂണിയുടെ മികവിലായിരുന്നു യുണൈറ്റഡിന്റെ ജയം. ആന്തണി മാര്‍സ്യാലിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിയ റൂണി രണ്ടാം ഗോളിലൂടെ യുണൈറ്റഡിന്റെ ജയം ഉറപ്പാക്കുകയും ചെയ്തു.
32 കളികളില്‍ 63 പോയിന്റുമായി ലീഗില്‍ അഞ്ചാം സ്ഥാനത്താണിപ്പോള്‍ യുണൈറ്റഡ്. കിരീടപ്രതീക്ഷ കൈവിട്ടെങ്കിലും ചാമ്പ്യന്‍സ് ലീഗിന് യോഗ്യതനേടുകയെന്ന യുണൈറ്റഡിന്‍റെ മോഹത്തിന് കരുത്ത് പകരുന്നതാണ് ബേണ്‍ലിക്കെതിരായ ജയം. മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസ് ഒന്നിനെതിരെ രണ്ട് ഗോളിന് ലിവര്‍പൂളിനെ അട്ടിമറിച്ചു.
ഫിലിപെ കുടീഞ്ഞോയുടെ ഗോളിന് മുന്നിലെത്തിയ ശേഷമായിരുന്നു ലിവര്‍പൂളിന്റെ തോല്‍വി. ക്രിസ്റ്റ്യന്‍ ബെന്‍റക്കിയുടെ രണ്ട് ഗോളുകള്‍ ലിവര്‍പൂളിനെ തോല്‍വിയിലേക്ക് തള്ളിയിട്ടു. ലീഗില്‍ 34 കളികളില്‍ 66 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് ലിവര്‍പൂള്‍. 32 കളിയില്‍ 63 പോയിന്‍റുള്ള യുണൈറ്റ‍് അഞ്ചാം സ്ഥാനത്താണ്.
