കൊച്ചി: ഐഎസ്എല്‍ നാലാം സീസണില്‍ പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാന്‍ കഴിയാതെ കിതയ്ക്കുകയാണ് കേരള ബ്ലാസ്റ്റേ‌ഴ്സ്. ആരാധകരെ നിരാശരാക്കിയ ബ്ലാസ്റ്റേഴ്സ് 15 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റുമായി നിലവില്‍ അഞ്ചാം സ്ഥാനത്താണ്. കൊല്‍ക്കത്തയ്ക്കെതിരെ നിര്‍ണായക മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് സമനില വഴങ്ങിയതോടെ മഞ്ഞപ്പടയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ കയ്യാലപ്പുറത്താവുകയായിരുന്നു.

സീസണില്‍ തുടര്‍ തോല്‍വികളില്‍ വലഞ്ഞ മഞ്ഞപ്പടയ്ക്ക് ജീവന്‍വെച്ചത് ഡേവിഡ് ജെയിംസ് പരിശീലകനായ ശേഷമാണ്. എന്നാല്‍ കൊല്‍ക്കത്തയ്ക്കെതിരായ കളി ജയിക്കാത്തതിന്റെ നിരാശ പങ്കുവെച്ചിരിക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനായ ഡേവിഡ് ജയിംസ്. കൊല്‍ക്കത്തയാണ് മികച്ച കളി പുറത്തെടുത്തതെന്നും ബ്ലാസ്റ്റേഴ്സിന്‍റെ പ്ലാനുകളെല്ലാം മത്സരത്തില്‍ പരാജയപ്പെട്ടെന്നും ഡേവിഡ് തുറന്നുപറഞ്ഞു. 

ലഭിച്ച ഗോളവസരങ്ങളൊന്നും പ്രയോജനപ്പെടുത്താന്‍ ടീമിന് സാധിച്ചില്ലെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു. എന്നാല്‍ സീസണിലെ മികച്ച ടീമുകളിലൊന്നായ മഞ്ഞപ്പടയുടെ പ്ലേഓഫ് സാധ്യതകള്‍ അസ്തമിച്ചിട്ടില്ല. വരും മത്സരങ്ങളില്‍ തിരിച്ചടിച്ച് പ്ലേ ഓഫ് കളിക്കാനാകുമെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇനിയുള്ള മൂന്ന് മത്സരങ്ങളില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷിക്കാനാവില്ല.