മാഞ്ചസ്റ്റര്‍: ഹോസെ മൗറീഞ്ഞോയെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ കുരിശില്‍ തറയ്ക്കാന്‍ കാത്തിരുന്നവര്‍ക്ക് മുന്നില്‍ ചുവന്ന ചെകുത്താന്മാരുടെ വമ്പന്‍ തിരിച്ചുവരവ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസിലിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തരിപ്പണമാക്കിയാണ് മാഞ്ചസ്റ്റര്‍ ആശ്വാസ വിജയം പേരിലെഴുതിയത്.

രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷം മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചാണ് മൗറീഞ്ഞോയുടെ ചുവപ്പന്‍ പട്ടാളം വിജയം നേടിയത്. സ്വപ്നങ്ങളുടെ അരങ്ങായ ഓള്‍ഡ് ട്രഫോര്‍ഡില്‍ പരിശീലകന്‍ മൗറീഞ്ഞോയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ കാത്തിരുന്നവരെ പോലും ഞെട്ടിച്ച് ആദ്യ 10 മിനിറ്റിനുള്ളിൽ ന്യൂകാസില്‍ രണ്ട് ഗോളിന് മുന്നിലെത്തി.

ഇതോടെ, മറ്റൊരു ദുരന്തത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് ആരാധകര്‍ പോലും വിശ്വസിച്ചു. പക്ഷേ, രണ്ടാം പകുതിയില്‍ കളത്തിലെത്തിയത് അതുവരെയുണ്ടായിരുന്ന യുണെെറ്റഡ് ആയിരുന്നില്ല. പോള്‍ പോഗ്ബയും സംഘം സര്‍വം മറന്ന് എതിര്‍ പാളയത്തില്‍ ആക്രമണം നയിച്ചു.  

70-ാം മിനിറ്റിൽ ബുള്ളറ്റ് ഫ്രീകിക്കിലൂടെ യുവാന്‍ മാട്ട ന്യൂകാസിനെതിരെ ആദ്യ വെടിപ്പൊട്ടിച്ചു. 76-ാം മിനിറ്റില്‍ മൗറീഞ്ഞോയുടെ കണ്ണിലെ കരടായ പോഗ്ബയും മാര്‍ഷ്യലും ഒന്നിച്ചപ്പോള്‍ സമനില ഗോള്‍. കളി സമനിലയിലേക്ക് നീങ്ങിയപ്പോള്‍ റെഡ് ഡെവിള്‍സ് യഥാര്‍ഥ ചാമ്പ്യന്‍ ടീമായി ഉണര്‍ന്നു.

ഒടുവില്‍ 90-ാം  മിനിറ്റിൽ അലക്സി സാഞ്ചസ് വിജയഗോള്‍ നേടി മൗറീഞ്ഞോയെ രക്ഷിച്ചു. ഫെര്‍ഗ്യൂസന്‍ യുഗത്തിലെ പ്രശസ്തമായ തിരിച്ചുവരവുകളെ ഓര്‍മ്മിപ്പിച്ച ജയത്തിന് ശേഷവും യുണൈറ്റ‍ഡ് ലീഗില്‍ എട്ടാം സ്ഥാനത്താണെന്ന യാഥാര്‍ത്ഥ്യം മറക്കാനാകില്ല.

ഇനി വരുന്ന യുണെെറ്റഡിന്‍റെ രണ്ട് കളികളും വമ്പന്‍ ടീമുകള്‍ക്കെതിരെയാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയും ചാമ്പ്യന്‍സ് ലീഗില്‍ യുവന്‍റസുമാണ് മാഞ്ചസ്റ്ററിന് എതിരാളികള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിലെ കാത്തിരുന്ന പോരാട്ടം ഇന്ന് നടക്കും. നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിയും ചാംപ്യന്‍സ് ലീഗ് റണ്ണേഴ്സ് അപ്പ് ലിവര്‍പൂളും ആല്‍ഫീല്‍ഡില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടും.

ഇന്ത്യന്‍ സമയം രാത്രി പത്തിനാണ് മത്സരം. സീസണിലെ ഏഴ് മത്സരങ്ങള്‍ക്കൊടുവില്‍ ഇരുടീമിനും 19 പോയിന്‍റ് വീതമാണെങ്കിലും ഗോള്‍ശരാശരിയിൽ സിറ്റിയാണ് ഒന്നാമത്. ഗ്വാര്‍ഡിയോള പരിശീലകനായ ടീമിനെ ഏറ്റവും കൂടുതൽ തവണ തോൽപ്പിച്ചിട്ടുള്ള ക്ലോപ്പ് ആണ് ലിവര്‍പൂള്‍ കോച്ച് എന്നള്ളതാണ് മത്സരത്തിന്‍റെ ആവേശം വര്‍ധിപ്പിക്കുന്നത്.