2012ലാണ് അവസാനമായി ഒരു ഇംഗ്ലീഷ് ടീം യൂറോപ്യന്‍ ചക്രവര്‍ത്തിമാരുടെ സിംഹാസനം പിടിച്ചടക്കിയത്. ഇത്തവണയെങ്കിലും അതിന് മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ആരാധകര്‍

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അസാമാന്യ കുതിപ്പ് നടത്തുമ്പോഴും യൂറോപ്പില്‍ കാലിടറുന്ന പതിവ് മാഞ്ചസ്റ്റര്‍ സിറ്റി ഇത്തവണയും തെറ്റിച്ചില്ല. ചാമ്പ്യന്‍സ് ലീഗിലെ തങ്ങളുടെ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ പെപ് ഗ്വാര്‍ഡിയോളയുടെ ടീം തോല്‍വിയറിഞ്ഞു.

ഇംഗ്ലീഷ് മണ്ണില്‍ ഫ്രഞ്ച് ക്ലബ്ബ് ഒളിംപിക് ലിയോൺ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സിറ്റിയെ തോൽപിച്ചത്. ഇരുപത്തിയാറാം മിനിറ്റില്‍ മാക്സിൽ കോർനെറ്റിന്‍റെ ഗോളിലൂടെ മുന്നിലെത്തിയ ലിയോൺ നാൽപത്തി മൂന്നാം മിനിറ്റിൽ നബീൽ ഫെക്കിറിലൂടെ ലീഡുയർത്തി.

67-ാം മിനിറ്റില്‍ ബെർണാഡോ സിൽവ നേടിയ ഗോളിലൂടെ സിറ്റി തിരിച്ചു വരവിന് ശ്രമിച്ചെങ്കിലും പരാജയം ഒഴിവാക്കാനായില്ല. മത്സരത്തിന്‍റെ 70 ശതമാനം സമയവും പന്ത് കൈവശം വച്ചെങ്കിലും ഗോളുകൾ നേടുന്നതിൽ സിറ്റി താരങ്ങൾക്ക് പിഴയ്ക്കുകയായിരുന്നു.

ഗ്രൂപ്പിലുള്ള മറ്റ് ടീമുകള്‍ അത്ര കരുത്തരല്ലെന്നുള്ളതാണ് സിറ്റിക്ക് ആശ്വസിക്കാനാവുന്ന ഘടകം. എന്നാല്‍, സിറ്റിയുടെ ചിരവെെരികളായ യുണെെറ്റഡ് ചാമ്പ്യന്‍സ് ലീഗില്‍ വിജയത്തോടെ തുടങ്ങി. യുണൈറ്റഡ് സ്വിസ് ടീമായ യങ് ബോയ്സിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചുവന്ന ചെകുത്താന്മാര്‍ തോൽപ്പിച്ചത്.

യുണൈറ്റഡിനായി ക്യാപ്റ്റൻ പോൾ പോഗ്ബ ഇരട്ടഗോൾ നേടി. മുപ്പത്തിയഞ്ചാം മിനിട്ടിലും നാൽപത്തിനാലാം മിനിട്ടിലുമായിരുന്നു പോഗ്ബയുടെ ഗോളുകൾ. അറുപത്തിയാറാം മിനിട്ടിൽ ഫ്രഞ്ച് താരം ആന്‍റണി മാർഷ്യൽ ഗോൾ പട്ടിക തികച്ചു.

2012ലാണ് അവസാനമായി ഒരു ഇംഗ്ലീഷ് ടീം യൂറോപ്യന്‍ ചക്രവര്‍ത്തിമാരുടെ സിംഹാസനം പിടിച്ചടക്കിയത്. ഇത്തവണയെങ്കിലും അതിന് മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ആരാധകര്‍.