ഹോസെ മൗറീന്യോയുടെ കഷ്ടകാലം അവസാനിക്കുന്നില്ല. ചിരവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയോട് പ്രീമിയര്‍ലീഗിലേറ്റ തിരിച്ചടിയുടെ ഞെട്ടല്‍ മാറും മുമ്പെ യൂറോപ്പ ലീഗിലെ ആദ്യ മത്സരത്തിലും തോല്‍വി. അതിഥികളെ ഞെട്ടിച്ച് എഴുപത്തൊമ്പതാം മിനുട്ടില്‍ ടോണി വില്‍ഹേന ആണ് ഫെയനൂര്‍ദിനായി ഗോള്‍ നേടിയത്.
കഴിഞ്ഞ മത്സരത്തില്‍ നിന്നും എട്ടു മാറ്റങ്ങളുമായി മികച്ച നിരയെത്തന്നെ ഇറക്കിയെങ്കിലും യുണൈറ്റഡിന് ഗോള്‍ നേടാനായില്ല. ഡച്ച് ടീം ഫെയനൂര്‍ദാകട്ടെ ശക്തമായ പ്രതിരോധമെന്ന ഗെയിം പ്ലാന്‍ കൃത്യമായി നടപ്പാക്കുകയും ചെയ്തു. ആദ്യ പകുതിയില്‍ ആന്റണി മാര്‍ഷ്യല്‍ പുറത്തേക്കടിച്ച ഒരു ഷോട്ടിലൊതുങ്ങി യുണൈറ്റഡിന്റെ ശ്രമങ്ങള്‍. ഒരു ഗോളെങ്കിലും നേടാന്‍ യുണൈറ്റഡ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഫെയര്‍നൂദ് ഗോളി വന്‍മതിലായി.മത്സരത്തിലെ തോല്‍വിയോടെ യുണൈറ്റഡ് എ ഗ്രൂപ്പില്‍ നാലാം സ്ഥാനത്തായി. യൂറോപ്യന്‍ ലീഗില്‍ ഇത് ആദ്യമായാണ് തുടര്‍ച്ചയായി നാലു എവേ മത്സരങ്ങളില്‍ ചുവന്ന ചെകുത്താന്‍മാര്‍ക്ക് തോല്‍വി പിണയുന്നത്.
