2015-16 ലീഗ് ചാംപ്യന്മാരായ ലെസ്റ്ററിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ പരാജയപ്പെടുത്തിയത്.
ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗീന് തുടക്കം. 2015-16 ലീഗ് ചാംപ്യന്മാരായ ലെസ്റ്ററിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ പരാജയപ്പെടുത്തിയത്. പോള്‍ പോഗ്ബ, ലുക്ക് ഷോ എന്നിവര്‍ മാഞ്ചസ്റ്ററി ഗോള്‍ നേടിയപ്പോള്‍ ജാമി വാര്‍ഡി ആണ് ലെസ്റ്ററിന്റെ ഏക ഗോള്‍ നേടിയത്.
ലോകകപ്പില്‍ നിറം മങ്ങിയ സ്പാനിഷ് ഗോള്‍ കീപ്പര്‍ ഡി ഹിയയുടെ തകര്‍പ്പന്‍ പ്രകടനമാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തുണയായത്. മൂന്നാം മിനിറ്റില്‍ ഗോള്‍ നേടിയെങ്കിലും ആദ്യ പകുതിയില്‍ ലെസ്റ്റര്‍ പലപ്പോഴും യുനൈറ്റഡിനേക്കാള്‍ മികച്ച പ്രകടനം പുറത്തെടുത്തു. പോഗ്ബയുടെ പെനാല്‍റ്റിയിലൂടെയായിരുന്നു മാഞ്ചസ്റ്ററിന്റെ ആദ്യഗോള്‍. അലക്‌സിസ് സാഞ്ചസിന്റെ ഷോട്ട് ലെസ്റ്റര്‍ പ്രതിരോധതാരം ഡാനിയേല്‍ അമര്‍ടേയുടെ കയ്യയില്‍ തട്ടിയതോടെ റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ഫ്രഞ്ച് താരത്തിന് പിഴച്ചില്ല. സ്‌കോര്‍ 1-0.
ഇടവേളയ്ക്ക് ശേഷം മാഞ്ചസ്റ്റര്‍ ഉണര്‍ന്ന് കളിച്ചു. എങ്കിലും രണ്ടാം ഗോള്‍ നേടാന്‍ 82ാം മിനിറ്റ് വരെ കാത്തുനില്‍ക്കേണ്ടി വന്നു. സ്പാനിഷ് താരം മാറ്റയുടെ പാസില്‍ നിന്ന് ഇംഗ്ലീഷ് താരം ലൂക്ക് ഷോ ഗോള്‍ നേടുകയായിരുന്നു. അവസാന നിമിഷങ്ങളില്‍ വാര്‍ഡിയും സംഘവും ഉണര്‍ന്നെങ്കിലും ഒരുഗോള്‍ മാത്രമാണ് തിരിച്ചടിക്കാന്‍ സാധിച്ചത്. മാഞ്ചസ്റ്റര്‍ പ്രതിരോധം പിഴവ് വരുത്തിയപ്പോള്‍ വാര്‍ഡി ഒരു ഗോള്‍ മടക്കി.
