ഐഎസ്എല്ലില്‍ നിന്ന് പുറത്തായ ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ കപ്പിന് യോഗ്യത നേടിയിരുന്നു

കൊച്ചി: ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫില്‍ കടക്കാതെ പുറത്തായതില്‍ നിരാശരായിരുന്നു മഞ്ഞപ്പട ആരാധകര്‍. ബെംഗളുരുവിനെതിരായ അവസാന മത്സരം വരെ പന്ത്രണ്ടാമനായി മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സ് ഫാന്‍സ് കരുത്തുപകര്‍ന്നിട്ടും ടീം പ്ലേ ഓഫ് യോഗ്യത നേടിയിരുന്നില്ല. എന്നാല്‍ സൂപ്പര്‍ കപ്പിന്‍റെ ആദ്യ സീസണിന് ബ്ലാസ്‌റ്റേഴ്‌സ് യോഗ്യത നേടിയതോടെ ബ്ലാസ്റ്റേഴ്സും മഞ്ഞപ്പട ആരാധകരും ഊര്‍ജം വീണ്ടെടുത്തിരിക്കുകയാണ്. 

ഐഎസ്എല്ലില്‍ മുംബൈ സിറ്റി ചെന്നൈയ്ന്‍ എഫ്‌സിയോട് പരാജയപ്പെട്ടതാണ് മഞ്ഞപ്പടയെ സൂപ്പര്‍ കപ്പിന് യോഗ്യരാക്കിയത്. സൂപ്പര്‍ കപ്പിന് യോഗ്യത നേടിയ ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി മഞ്ഞപ്പട ഫാന്‍സ് ഫേസ്ബുക്ക് പേജില്‍ രംഗത്തെത്തി. തങ്ങള്‍ കൂടയുണ്ടാകുമെന്ന ഉറപ്പും ആരാധകര്‍ ടീമിന് നല്‍കുന്നു. ഐഎസ്എല്‍ നാലാം സീസണില്‍ നിന്ന് പുറത്തായിട്ടും ആരാധകര്‍ പ്രിയ ടീമിനെ കയ്യൊഴിഞ്ഞിട്ടില്ലെന്ന് വ്യക്തം. ആരാധക പിന്തുണയില്‍ സൂപ്പര്‍ കപ്പില്‍ ജീവന്‍ വീണ്ടെടുക്കുകയാണ് ഇനി മഞ്ഞപ്പടയ്ക്ക് മുന്നിലുള്ളത് ലക്ഷ്യം.