മാഡ്രിഡ്: സഹതാരങ്ങളില്‍ മികച്ചത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന് റയല്‍ മാഡ്രിഡ് സൂപ്പര്‍താരം മാര്‍സലോ. എന്നാല്‍ താന്‍ നേരിട്ട എറ്റവും ശക്തനായ എതിരാളി ബ്രസീലിയന്‍ താരം നെയ്മറാണെന്നും മാര്‍സലോ വെളിപ്പെടുത്തി. തനിക്ക് ബ്രസീലിയന്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസാവാന്‍ കഴിയില്ലെന്നും അദേഹത്തിന്‍റെ ഉപദേശങ്ങളാണ് കരുത്തെന്നും മാര്‍സലോ പറഞ്ഞു. കാര്‍ലോസോ മാര്‍സലോയോ മികച്ച പ്രതിരോധതാരമെന്ന ചര്‍ച്ചകള്‍ക്കിടെയാണ് താരം മനസു തുറന്നത്.

റയലിന്‍റെ പുത്തന്‍ താരോദയം മാര്‍കോ അസന്‍ഷ്യോ മികച്ച താരമാണെന്നും എന്നാല്‍ പ്രതീക്ഷയുടെ അമിതഭാരം അടിച്ചേല്‍പ്പിക്കരുതെന്നും മാര്‍സലോ ആരാധകരോട് അഭ്യര്‍ത്ഥിച്ചു. റയല്‍ ടീമില്‍ വെയ്ല്‍സ് സൂപ്പര്‍താരം ഗാരക് ബെയ്ലിന്‍റെ ഭാവിയെക്കുറിച്ച് അശങ്കയുണ്ടെന്ന് താരം വ്യക്തമാക്കി. റോബര്‍ട്ടോ കാര്‍ലോസിനൊപ്പം ലോകത്തിലെ മികച്ച ലെഫ്റ്റ് ബാക്കായാണ് മാര്‍സലോ വിലയിരുത്തപ്പെടുന്നത്. 

മാഡ്രിഡിന്‍റെ യുത്ത് അക്കാദമിയിലൂടെ വളര്‍ന്ന മാര്‍സലോ റയലില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കി. താരവുമായുള്ള കരാര്‍ റയല്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി പുതുക്കിയ ശേഷമാണ് ബ്രസീലിയന്‍ താരത്തിന്‍റെ പ്രതികരണം. 2007ല്‍ കാര്‍ലോസ് റയല്‍ വിട്ടപ്പോള്‍ ക്ലബ് കണ്ടെത്തിയ പകരക്കാരനാണ് മാര്‍സലോ. മാര്‍സലോ തന്നെക്കാള്‍ മികച്ച ലെഫ്റ്റ് ബാക്ക് ആണെന്ന് റോബര്‍ട്ടോ കാര്‍ലോസ് നേരത്തെ പറഞ്ഞിരുന്നു‍.