ലണ്ടന്‍: റിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളായിരുന്ന മേരി കോമിനും സരിതാ ദേവിയ്ക്കും തിരിച്ചടി. അഞ്ചുതവണ ലോക ചാമ്പ്യനായ മേരി കോമിന് റിയോ ഒളിമ്പിക്സിന് യോഗ്യത നേടാനായില്ല. ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ പുറത്തായതാണ് മേരി കോമിന് തിരിച്ചടിയായത്. 51 കിലോ വിഭാഗത്തില്‍ ജര്‍മന്‍ താരം അസീസ് നിമാനിയോടാണ്(0-2) മേരികോം തോറ്റത്.

ഒളിംപിക്‌സിന് മുന്‍പുള്ള അവസാന യോഗ്യതാ മത്സരമായിരുന്നു ഇത്. ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തിയാലേ മേരിക്ക് റിയോയിലേക്ക് യോഗ്യത
നേടാനാകുമായിരുന്നുള്ളു. ലണ്ടന്‍ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവായിരുന്നു മേരികോം. 60 കിലോ ഗ്രാം വിഭാഗത്തില്‍ മത്സരിച്ച സരിതാ ദേവി രണ്ടാം റൗണ്ടില്‍ വിക്ടോറിയ ടോറസിനോട്(3-0) തോറ്റ് പുറത്തായി. ഏഷ്യന്‍ ഗെയിംസിലെ വെങ്കല മെഡല്‍ ജേതാവാണ് സരിതാ ദേവി. 75 കിലോ ഗ്രാം വിഭാഗത്തില്‍ പ്രീ ക്വാര്‍ട്ടറിലെത്തിയിട്ടുള്ള പൂജാ റാണി മാത്രമാണ് ഇനി ഇന്ത്യയുടെ ഏക പ്രതീക്ഷ.