മാഡ്രിഡ്: കാളപ്പോര് വിദഗ്ധന്‍ വിക്ടര്‍ ബാരിയോക്ക് കാളയുടെ കുത്തേറ്റ് ദാരുണാന്ത്യം. സ്‌പെയിനിലെ ടെറുലില്‍ കാളപ്പോരിനിടെ കുത്തേറ്റ് വീണ ബാരിയോയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌പെയിനില്‍ ഈ നൂറ്റാണ്ടില്‍ കാളപ്പോരില്‍ കുത്തേറ്റ് മരിക്കുന്ന ആദ്യത്തെ ആളാണ് 29 കാരനായ വിക്ടര്‍ ബാരിയോ. മത്സരത്തിന്റെ തത്സമയസംപ്രേഷണത്തിനിടെ ലോകം ഞെട്ടലോടെ കണ്ടത് ബാരിയോയുടെ നെഞ്ചില്‍ കൊമ്പിറക്കുന്ന മത്സരക്കാളയെയായിരുന്നു.

പോര് മുറുകിയപ്പോള്‍ കാള, ബാരിയോയെ കൊമ്പില്‍ കോര്‍ക്കുകയായിരുന്നു. 2010 മുതല്‍ കാളപ്പോരിനിറങ്ങിയ ബാരിയോ, ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഈ രംഗത്ത് ഏറെ പ്രശസ്തിയും നേടിയിരുന്നു. അതിനിടെ, വലന്‍സിയയില്‍ കാളപ്പോര് കാണാനെത്തിയയാളും കുത്തേറ്റ് മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. പാംപ്ലോണയില്‍ നടക്കുന്ന സാന്‍ ഫെര്‍മിന്‍ ഫെസ്റ്റിവലിനിടെ 13 പേര്‍ക്കാണ് കാളപ്പോരിനിടെ ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ വര്‍ഷം പ്രശസ്ത കാളപ്പോരുകാരന്‍ ഫ്രാന്‍സിസ് റിവാരോക്ക് മാരകമായി പരിക്കേറ്റിരുന്നു. പ്രതിവര്‍ഷം 2000 കാളപ്പോരുകളെങ്കിലും സ്‌പെയിനില്‍ നടക്കുന്നുണ്ട്. അപകടങ്ങളുടെ പശ്ചാത്തലത്തില്‍ സ്‌പെയിനില്‍ പലയിടങ്ങളിലും കാളപ്പോരിന് നിയന്ത്രണമുണ്ടെങ്കിലും മരണനിരക്ക് ഓരോ വര്‍ഷവും ഗണ്യമായി കൂടുന്നത് സ്പാനിഷ് ജനതയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.