മുംബൈ: നായകനായിരുന്നപ്പോള്‍ ഇന്ത്യന്‍ ടീമിലെ ബാഹുബലിയായിരുന്ന ധോണി തന്റെ 'കട്ടപ്പയായി' കണക്കാക്കിയിരുന്നത് രവിചന്ദ്ര അശ്വിനെ ആയിരുന്നു. എന്നാല്‍ ആ നല്ല കാലം കഴിഞ്ഞു. ഇന്ന് ഇന്ത്യന്‍ ടീമില്‍ ധോണിക്ക് വലിയ സ്വധീനശക്തിയല്ല. അതിനാല്‍ തന്നെ അശ്വിന്‍റെ ഏകദിന കരിയര്‍ അവസാനിക്കുന്നു എന്നാണ് ഒരു ദേശീയ മാധ്യമത്തിന്‍റെ വിലയിരുത്തല്‍.

ഇനി ഒരല്‍പം പിന്നിലേക്ക് പോകാം. 2013ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ അവസാന ഓവര്‍. ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 14 റണ്‍സ് മാത്രം. അന്ന് ധോണി വിശ്വസിച്ച് പന്ത് എല്‍പ്പിച്ചത് അശ്വിനെയാണ്. പിന്നീട് പല സന്ദര്‍ഭങ്ങളിലും ധോണി അശ്വിനെ സമര്‍ത്ഥമായി ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യന്‍ മണ്ണിലെ ടെസ്റ്റ് വിജയങ്ങളില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അശ്വിന്‍ ഒഴിച്ചുകൂടാനാവാത്ത ആയുധമാണ്. എന്നാല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്ത് അശ്വിന്‍ പലപ്പോഴും ഫലിച്ചില്ലെന്നതും സത്യം.

അശ്വിനിലെ പ്രതിഭ അസ്തമയ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ടീം ഇന്ത്യയിലെ കംഫേര്‍ട്ട് സോണില്‍ നിന്നും പുറത്തായ അശ്വിന് പന്തുകളുടെ മൂര്‍ച്ചയും കുറഞ്ഞതും വലിയ തിരിച്ചടിയാണ്. ഇന്ത്യന്‍ ടീമില്‍ ഹര്‍ഭജന്‍ സിംഗ് അവിഭാജ്യ ഘടകമായിരുന്ന കാലഘട്ടത്തിലാണ് അശ്വിന്‍റെ കടന്നുവരവ്.

ടെസ്റ്റിലെന്ന പോലെ ഒരു കാലത്ത് ഏകദിനത്തിലും ഇന്ത്യയുടെ മാരകായുധമായിരുന്നു അശ്വിന്‍ എന്ന് കൂടി ഓര്‍ക്കണം. എന്നാല്‍ കുല്‍ദീപ് യാദവ്, ക്രുനാല്‍ പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ തുടങ്ങിയ യുവനിരയുടെ കടന്നുവരവോടെ അശ്വിന്റെ ഏകദിന ടീമിലെ സ്ഥാനം ഭീഷണിയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അശ്വിന്‍റെ അടുത്ത കാലത്തെ പരിമിത ഓവര്‍ മത്സരങ്ങളിലെ പ്രകടനം അത്ര തൃപ്തികരമല്ല. ഏകദിന കരിയറില്‍ 111 ഏകദിനങ്ങളില്‍ നിന്നും 32.91 ശരാശരിയും 4.91 എക്കണോമിയിലുമായി 150 വിക്കറ്റുകളാണ് അശ്വിന്റെ പേരിലുളളത്.മികച്ച കരിയര്‍ റെക്കോര്‍ഡ് തന്നെയാണിത്. എന്നാല്‍ 2014-17 കാലയളവില്‍ അശ്വിന്‍ കളിച്ച 25 ഏകദിനങ്ങളില്‍ 34.24 ശരാശരിയിലും 5.02 എക്കോണമിയിലുമായി 33 വിക്കറ്റുകള്‍ മാത്രമാണ് അശ്വിന് നേടിയത്. 

അതുകൊണ്ടുതന്നെ യുവരാജിനും, ധോണിക്കും മുന്‍പെ ഇന്ത്യന്‍ ടീമിന്‍റെ വാതില്‍ അടയുക അശ്വിന് മുമ്പിലായിരിക്കുമെന്ന് പറയാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇത്തവണത്തെ ഐപിഎല്ലില്‍ പരിക്ക് മൂലം പുറത്തിരുന്ന അശ്വിന് ട്വന്റി-20യിലും മികവാര്‍ന്ന പ്രകടനങ്ങളൊന്നും സമീപകാലത്ത് പുറത്തെടുക്കാനായിട്ടില്ല. ഇതെല്ലാം അശ്വിന്റെ ഏകദിന കരിയറിന് അര്‍ധവിരാമമിടുമെന്നാണ് വിലയിരുത്തല്‍.