ദില്ലി: ഏകദിന ലോകകപ്പിന് മുന്‍പ് ഇന്ത്യന്‍ സംഘത്തിന് ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടാനുള്ള വേദിയാണ് ഓസ്‌ട്രേലിയക്കെതിരായ പരമ്പര. വീറും വാശിയും നിറഞ്ഞുനില്‍ക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ പരമ്പരയ്ക്ക് അതേ വീര്യത്തിലാണ് പ്രൊമേഷണല്‍ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വീരേന്ദര്‍ സെവാഗ് ബേബിസിറ്ററായി എത്തുന്ന വീഡിയോ വന്‍ സ്വീകാര്യതയാണ് നേടുന്നത്. 

എന്നാല്‍ ബേബിസിറ്റര്‍ വീഡിയോ ഓസീസ് മുന്‍ ഓപ്പണര്‍ മാത്യു ഹെയ്‌ഡന് തീരെ ദഹിച്ചില്ല. സെവാഗിന് ഉഗ്രന്‍ മറുപടി കൊടുത്താണ് ഹെയ്‌ഡന്‍ ഓസീസ് വീര്യം കാട്ടിയത്. എല്ലാ കുട്ടികള്‍ക്കും നോക്കാന്‍ ആളെ ആവശ്യമുണ്ട്. ഓസ്‌ട്രേലിയയും ഇന്ത്യയും ഇത് ഓര്‍ക്കണമെന്നായിരുന്നു വീഡിയോയുടെ തലക്കെട്ട്. ഇന്ത്യയിലേക്ക് വരുന്ന ഓസീസ് സംഘത്തെ സെവാഗ് ഇങ്ങനെയാണ് സ്വാഗതം ചെയ്യുന്നതെന്നും കുറിച്ചിരുന്നു. ഓസീസ് കുപ്പായമണിഞ്ഞായിരുന്നു കുട്ടികള്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. 

ഈ പരസ്യചിത്ര വീഡിയോയ്ക്ക് ഹെയ്‌ഡന്‍റെ മറുപടിയിങ്ങനെ...മുന്നറിയിപ്പ് നല്‍കുന്നു. ഓസീസിനെ ഒരിക്കലും തമാശയായി കാണരുത്. ലോകകപ്പ് ട്രോഫി ആരുടെ പക്കലാണെന്ന് ഓര്‍ക്കണമെന്നും ഹെയ്‌ഡന്‍ മുന്നറിയിപ്പ് നല്‍കി.  

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയായിരുന്നു ബേബിസിറ്റര്‍ നാടകങ്ങളുടെ തുടക്കം. മെല്‍ബണ്‍ ടെസ്റ്റില്‍ തന്റെ കുട്ടികളെ നോക്കാന്‍ റിഷഭ് പന്തിനെ ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയ്ന്‍ ക്ഷണിച്ചു. പെയ്നും പന്തും തമ്മിലുള്ള വാക്ക്പോരിന്റെ തുടര്‍ച്ചയായിരുന്നു ഈ വെല്ലുവിളി. എന്നാല്‍ സിഡ്‌നിയില്‍ നടന്ന അവസാന ടെസ്റ്റിന് മുന്‍പ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയെ കാണാന്‍ ഇരു ടീമുകളും എത്തിയപ്പോള്‍ പെയ്നിന്റെ കുട്ടികളെ ചുമലിലേറ്റി പന്ത് ഈ വെല്ലുവിളി ഏറ്റെടുത്തു.