ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍ത്തടിച്ചിട്ടും മയാങ്ക് അഗര്‍വാളിനെ തഴയാന്‍ കാരണം

First Published 27, Feb 2018, 11:45 AM IST
Mayank Agarwals non selection in the Nidahas Trophy
Highlights

ഇത്രയൊക്കെ റണ്‍സടിച്ചുകൂട്ടിയിട്ടും മയാങ്കിനെ എന്തുകൊണ്ട് തഴഞ്ഞുവെന്ന ചോദ്യത്തിന് ബിസിസിഐയിലെ മുതിര്‍ന്ന അംഗം നല്‍കിയ മറുപടി

ബംഗലൂരു: ഈ സീസണില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തിളങ്ങിയ ബാറ്റ്സ്മാന്‍ കര്‍ണാടകയുടെ മയാങ്ക് അഗര്‍വാളാണ്. എന്നിട്ടും മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കി ശ്രീലങ്കയിലെ ത്രിരാഷ്ട്ര പരമ്പരക്ക് യുവനിരയെ അയക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചപ്പോള്‍ മയാങ്കിനെ സീനിയര്‍ ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. വിജയ് ഹസാരെ ട്രോഫിയില്‍ 109, 84, 28, 102, 89, 140, 81 എന്നിങ്ങനെയായിരുന്നു മയാങ്കിന്റെ ഇതുവരെയുള്ള സ്കോറിംഗ്. ഇന്ന് നടക്കുന്ന ഫൈനലില്‍ സൗരാഷ്ട്രക്കെതിരെയും മയാങ്ക് 90 റണ്‍സടിച്ചു. രഞ്ജി ട്രോഫിയില്‍ 105.45 ശരാശരിയില്‍ 1160 റണ്‍സും സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 28.66 ശരാശരിയില്‍ 258 റണ്‍സും മയാങ്ക് അടിച്ചെടുത്തു. മൂന്ന് ഫോര്‍മാറ്റിലുമായി ഈ സീസണില്‍ മാത്രം നേടിയത് 2051 റണ്‍സ്.

ഇത്രയൊക്കെ റണ്‍സടിച്ചുകൂട്ടിയിട്ടും മയാങ്കിനെ എന്തുകൊണ്ട് തഴഞ്ഞുവെന്ന ചോദ്യത്തിന് ബിസിസിഐയിലെ മുതിര്‍ന്ന അംഗം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. സെലക്ഷന്‍ കമ്മിറ്റി ഒരു നിശ്ചിത പാറ്റേണ്‍ പിന്തുടരുന്നതുകൊണ്ടാണ് മയാങ്കിനെ പരിഗണിക്കാതിരുന്നത്. ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ കളിക്കുന്ന ഏതെങ്കിലും ഒരു താരത്തെ ദേശീയ ടീമിലേക്ക് പരിഗണിക്കണമെങ്കില്‍ അതിന് മുമ്പ് അയാള്‍ സീസണില്‍ ഇന്ത്യ എ ടീമിനായി കളിച്ചിരിക്കണം. ഈ സീസണില്‍ മയാങ്ക് ഇന്ത്യ എ ക്കായി കളിക്കാത്തതിനാലാണ് അദ്ദേഹത്തെ പരിഗണിക്കാത്തത്.

എന്നാല്‍ എന്തുകൊണ്ടാണ് മയാങ്കിനെ ഇന്ത്യ എക്ക് കളിക്കാനായി പരിഗണിച്ചില്ലെന്നത് ബിസിസിഐയോ സെലക്ഷന്‍ കമ്മിറ്റിയോ ഇതുവരെ വിശദീകരിച്ചിട്ടില്ല. മയാങ്കിനോളം മികവ് കാട്ടാത്ത ദീപക് ഹൂഡയെയും വിജയ് ശങ്കറിനെയും റിഷഭ് പന്തിനെയും പോലുള്ള താരങ്ങളെ സെലക്ടര്‍മാര്‍ ടീമലുള്‍പ്പെടുത്തുകയും ചെയ്തു. ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവത്തില്‍ വണ്‍ ഡൗണില്‍ ടീം ഇന്ത്യക്ക് പറ്റിയ കളിക്കാരനാകുമായിരുന്നു 27കാരനായ മയാങ്ക്. 2010ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായ മയാങ്ക് പിന്നീട് ഇന്ത്യ എ ടീം വരെ എത്തിയെങ്കിലും ഈ സീസണില്‍ എ ടീമില്‍ കളിച്ചിട്ടില്ല.

എന്നാല്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുക എന്നത് തന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നും അതിനെക്കുറിച്ച് കൂടുതല്‍ ആലോചിക്കാനില്ലെന്നുമാണ് മയാങ്കിന്റെ മറുപടി. മാര്‍ച്ച് ആറിന് ശ്രീലങ്കയില്‍ നടക്കുന്ന നിദാസ് ട്രോഫി ട്വന്റി-20 ടൂര്‍ണമെന്റില്‍ ഇന്ത്യക്കും ശ്രീലങ്കക്കും പുറമെ ബംഗ്ലാദേശാണ് മൂന്നാമത്തെ ടീം.

loader