ന്യൂയോര്‍ക്ക്: 2007ലെ ഏകദിന ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ ഇന്ത്യ പുറത്തായപ്പോള്‍ മാധ്യമങ്ങള്‍ തന്നെ കൊലപാതകിയെയും തീവ്രവാദിയെയും പോലെയാണ് ചിത്രീകരിച്ചതെന്ന് ഇന്ത്യന്‍ ഏകദിന ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ധോണിയുടെ ജീവിത കഥ പറയുന്ന ബോളിവുഡ് ചിത്രം ധോണി ദ് അണ്‍ടോള്‍ഡ് സ്റ്റോറിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് അമേരിക്കയിലെത്തിയപ്പോഴാണ് ധോണിയുടെ പ്രതികരണം.
തോല്‍വിക്കുശേഷം ദില്ലി വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ ചാനല്‍ക്യാമറകള്‍ ഞങ്ങളെ പൊതിഞ്ഞു. അവിടെനിന്ന് പോലീസ് വാനിലാണ് ഞങ്ങള്‍ പുറത്തേക്ക് പോയത്. പിന്നാലെ മാധ്യമപ്പടയും ഞങ്ങളുടെ വാഹനത്തെ പിന്തുടരുന്നുണ്ടായിരുന്നു. മാധ്യമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇടുങ്ങിയ റോഡിലൂടെ 60-70 കിലോ മീറ്റര്‍ വേഗത്തിലാണ് വാഹനം ഓടിച്ചിരുന്നത്.
സെവാഗായിരുന്നു വാഹനത്തില്‍ ആ സമയം എന്റെ സമീപം ഇരുന്നിരുന്നത്. മാധ്യമങ്ങള്‍ പിന്തുടരുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ എന്തോ വലിയ കുറ്റകൃത്യം ചെയ്തതുപോലെയായിരുന്നു എനിക്കുതോന്നിയത്. മാധ്യമങ്ങള്‍ ഞങ്ങളെ വിടാതെ പിന്തുടര്‍ന്നു. പൊലീസ് സ്റ്റേഷനിലെത്തി അരമണിക്കൂറിനുശേഷമാണ് ഞങ്ങള്‍ക്ക് സ്വന്തം വാഹനങ്ങളില്‍ വീട്ടിലേക്ക് പോകാനായത്. അത് എന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു. അതിനുശേഷമാണ് കളിയിലെ എന്റെ അക്രമണോത്സുകത മാറ്റിവെച്ച് മികച്ച ക്രിക്കറ്ററും മികച്ച മനുഷ്യനുമാവാനുള്ള ശ്രമം ആരംഭിച്ചത്.
ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായതില്‍ ഞങ്ങള്‍ക്ക് വലിയ സങ്കടമില്ലെന്നായിരുന്നു അന്ന് ആരാധകരുടെ പൊതുവിചാരം. എന്നാല്‍ ഒരു കായികതാരം എല്ലാ വികാരങ്ങളും ഉള്ളിലടക്കി ഗ്രൗണ്ടില്‍ പിടിച്ചുനില്‍ക്കാന്‍ പഠിക്കണമെന്നും ധോണി പറഞ്ഞു.
