ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് അത്ര നല്ല കാലമല്ല. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ ഒന്നില്‍ പരാജയപ്പെട്ടപ്പോള്‍ രണ്ട് മത്സരങ്ങളില്‍ സമനില വഴങ്ങി. പിന്നാലെ ടീമിന്റെ ക്ലബിന്റെ ഡ്രസിങ് റൂമിലും പ്രശ്‌നങ്ങളെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടീം നായകന്‍ ലിയോണല്‍ മെസിയും പ്രതിരോധ താരം പിക്വെയും അത്ര രസത്തിലല്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

ബാഴ്‌സലോണ: ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് അത്ര നല്ല കാലമല്ല. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ ഒന്നില്‍ പരാജയപ്പെട്ടപ്പോള്‍ രണ്ട് മത്സരങ്ങളില്‍ സമനില വഴങ്ങി. പിന്നാലെ ടീമിന്റെ ക്ലബിന്റെ ഡ്രസിങ് റൂമിലും പ്രശ്‌നങ്ങളെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടീം നായകന്‍ ലിയോണല്‍ മെസിയും പ്രതിരോധ താരം പിക്വെയും അത്ര രസത്തിലല്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ബാഴ്‌സയുടെ ഫുട്‌ബോള്‍ അക്കാഡമിയായ ലാ മാസിയ മുതല്‍ ഒന്നിച്ചു കളിച്ചവരാണ് മെസിയും പിക്വെയുമെന്ന് ഓര്‍ക്കണം. 

കഴിഞ്ഞ ലാ ലിഗ മത്സരത്തില്‍ അത്‌ലറ്റിക് ബില്‍ബാവോയോടു സമനില വഴങ്ങിയതിനു ശേഷം ബാഴ്‌സ പ്രതിരോധത്തിന്റെ പ്രകടനം മെച്ചപ്പെടാനുണ്ടെന്ന് മെസി തുറന്നടിച്ചിരുന്നു. പ്രതിരോധം ഒരു സംരക്ഷണവും നല്‍കുന്നില്ലെന്നായിരുന്നു മെസി പറഞ്ഞത്. കഴിഞ്ഞ ഏഴു മത്സരങ്ങളില്‍ നിന്നും എട്ട് ഗോളുകളാണ് ബാഴ്‌സ വഴങ്ങിയിരിക്കുന്നത്. ലാ ലിഗയില്‍ ടേബിളില്‍ ആദ്യ നാലു ടീമുകളില്‍ ഏറ്റവുമധികം ഗോള്‍ വഴങ്ങിയ ടീം ബാഴ്‌സലോണയാണ്.

പിന്നാലെ മെസിയെ കുറ്റപ്പെടുത്തി പിക്വെയും രംഗത്തെത്തി. ടീം തോല്‍ക്കുമ്പോഴും മോശം പ്രകടനം നടത്തുമ്പോഴും മെസി മാധ്യമങ്ങളെ കാണുന്നില്ലെന്നും പിക്വെ ആരോപിച്ചു. അര്‍ജന്റീനയിലും മെസി ഇങ്ങനെയാണ്. ടീം മോശം പ്രകടനം പുറത്തെടുത്താല്‍ പോലും ക്യാപ്റ്റന്‍ മാധ്യമങ്ങളെ കാണണമെന്നും പിക്വെ പറഞ്ഞു. 

താരങ്ങള്‍ തമ്മിലുള്ള വഴക്ക് ബാഴ്‌സയില്‍ അപൂര്‍വമാണ്. മുന്‍പൊന്നും അത്തരം വാര്‍ത്തകള്‍ പുറത്ത് വന്നിട്ടില്ലെന്ന് തന്നെ പറയാം. എങ്കിലും മെസി മികച്ച പ്രകടനം പുറത്തെടുക്കുന്നു. കഴിഞ്ഞ മത്സരത്തില്‍ സമനിലയില്‍ നിന്ന് രക്ഷിച്ചത് മെസിയുടെ അസിസ്റ്റായിരുന്നു. ഇന്ന് ചാംപ്യന്‍സ് ലീഗില്‍ ടോട്ടന്‍ഹാമിനെ തോല്‍പ്പിച്ച് ബാഴ്‌സ തിരിച്ചുവരുമെന്നാണ് ആരാധകരുടെ ടീസര്‍.