50 വര്‍ഷങ്ങള്‍ക്കിടെ മാത്രം ജനിക്കുന്ന ഒരു അത്ഭുത നക്ഷത്രമാണ് മെസിയെന്നാണ് കോന്റെയുടെ അഭിപ്രായം.

ബാഴ്‌സലോണ: ബാഴ്‌സ താരം ലിയോണല്‍ മെസിയെ വാനോളം പുകഴ്ത്തി ചെല്‍സി കോച്ച് അന്റോണിയോ കോന്റെ. 50 വര്‍ഷങ്ങള്‍ക്കിടെ മാത്രം ജനിക്കുന്ന ഒരു അത്ഭുത നക്ഷത്രമാണ് മെസിയെന്നാണ് കോന്റെയുടെ അഭിപ്രായം. യുവേഫ ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ബാഴ്‌സയോടേറ്റ തോല്‍വിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോന്റെ. ചെല്‍സിയുമായുള്ള ആദ്യ എട്ട് മത്സരങ്ങളില്‍ ഗോളൊന്നും നേടാതിരുന്ന മെസി, അവസാന രണ്ട് മത്സരങ്ങളില്‍ മൂന്ന് ഗോളുകള്‍ നേടിയിരുന്നു.

എന്റെ കളിക്കാരുടെ പ്രകടനത്തില്‍ ഏറെ സന്തോഷം. അവര്‍ നന്നായി കളിച്ചു. എന്നാല്‍ മത്സരത്തിന്റെ വ്യത്യാസം മെസിയായിരുന്നു. എല്ലാ സീസണിലും 60 ഗോളുകള്‍ നേടാന്‍ കെല്‍പ്പുള്ള താരമാണ് മെസി. അസാധാരണ ഫുട്്‌ബോള്‍ താരം, ലോകത്തിലെ ഏറ്റവും മികച്ചവന്‍. ഏത് ടീമില്‍ കളിച്ചാലും മത്സരഫലത്തില്‍ വ്യത്യാസമുണ്ടാക്കാന്‍ അയാള്‍ക്ക് കഴിയും.

ബാഴ്‌സയില്‍ കളി ആരംഭിച്ച മെസി, അവിടെ തന്നെ കളി അവസാനിപ്പിക്കും. എല്ലാ ടീമുകളും ആഗ്രഹമുണ്ടാകും അയാളെ സ്വന്തം ടീമില്‍ കളിപ്പിക്കാന്‍. വ്യാമോഹം മാത്രമാണത്. ബാഴ്‌സയും മെസിയും തമ്മിലുള്ള ബന്ധം അങ്ങനെയാണ്. മെസിയെപ്പോലെ ഒരു താരം 50 വര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രമേ ജനിക്കൂ. മുന്‍ ഇറ്റാലിയന്‍ പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.