മാഡ്രിഡ്: എല്‍ ക്ലാസിക്കോ റയല്‍ മാഡ്രിഡ്- ബാഴ്സിലോണ സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള പോരാട്ടം കൂടിയാണ്. കുറച്ച് വര്‍ഷങ്ങളായി അത് റൊണാള്‍ഡോ- മെസി അങ്കം എന്നാണ് അറിയപ്പെടുന്നത്. ബാലന്‍ ഡി ഓര്‍ പട്ടികയില്‍ ഒപ്പത്തിനൊപ്പമുള്ള താരങ്ങള്‍ തമ്മിലുള്ള പോരാട്ടം എന്നതാണ് ഇത്തവണത്തെ സവിശേഷത. എന്നാല്‍ എല്‍ ക്ലാസിക്കോയിലെ പ്രകടനം കണക്കിലെടുത്താല്‍ ബാഴ്സലോണയുടെ മെസിയാണ് കേമന്‍. 

എല്‍ ക്ലാസിക്കോയില്‍ 36 മത്സരങ്ങളില്‍ 16ലും വിജയം മെസിക്കൊപ്പം നിന്നു. 12 മത്സരങ്ങളില്‍ തോല്‍വിയറിഞ്ഞെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ മെസി ഒരിക്കലും റയലിനോട് തോല്‍വിയറിഞ്ഞില്ല. എന്നാല്‍ 28 മത്സരങ്ങളില്‍ എട്ട് വിജയം മാത്രമാണ് റയലിന്‍റെ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ക്ക് നേടാനായത്. ആറ് മത്സരങ്ങള്‍ സമനിലയായപ്പോള്‍ 14 എണ്ണത്തില്‍ റൊണാള്‍ഡോ ഉള്‍പ്പെട്ട ടീം പരാജയപ്പെട്ടു. 

ഗോളടിമികവിലും മെസി തന്നെയാണ് റൊണാള്‍ഡോയെക്കാള്‍ മുന്നില്‍. എല്‍ ക്ലാസിക്കോയില്‍ മെസ്സി 24 ഗോളും റൊണാള്‍ഡോ 17 ഗോളുമാണ് നേടിയിട്ടുള്ളത്. എന്നാല്‍ ഇന്ന് ഒരു ഗോള്‍ കൂടി നേടിയാല്‍ എല്‍ ക്ലാസിക്കോയില്‍ റയലിനായി കൂടുതല്‍ ഗോള്‍ നേടിയ ആല്‍ഫ്രഡോ ഡി സ്റ്റൈഫാനോയുടെ റെക്കോര്‍ഡിന് ഒപ്പമെത്താന്‍ റൊണാള്‍ഡോയ്ക്കാകും. എല്‍ ക്ലാസിക്കോയില്‍ കൂടുതല്‍ ഗോളുകള്‍ നേടിയവരുടെ പട്ടികയില്‍ മെസിക്കും സ്റ്റൈഫാനോയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് റൊണോ.