മാഡ്രിഡ്: സ്‌പാനിഷ്‌ ലീഗില്‍ എതിരാളികളുടെ തട്ടകത്തില്‍ ബാഴ്‌സലോണയ്‌ക്ക് തകര്‍പ്പന്‍ ജയം. എവേ മല്‍സരത്തില്‍ ഒസാസുനയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബാഴ്‌സ തകര്‍ത്തത്. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇരട്ടഗോളും ലൂയിസ് സുവാരസിന്റെ ഗോളുമാണ് ബാഴ്‌സയുടെ പട്ടിക തികച്ചത്. ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയിലാണ് മെസിയും സുവാരസും ആഞ്ഞടിച്ചത്. അമ്പത്തിയൊമ്പതാം മിനിട്ടില്‍ ലൂയിസ് സുവാരസാണ് ഗോള്‍വേട്ടയ്‌ക്ക് തുടക്കം കുറിച്ചത്. ജോര്‍ദി ആല്‍ബ ബോക്‌സിലേക്ക് മറിച്ചുനല്‍കിയ പന്ത് സുവാരസ് അനായാസം വലയ്‌ക്കുള്ളില്‍ ആക്കുകയായിരുന്നു. എഴുപത്തിമൂന്നാം മിനിട്ടില്‍ ജോര്‍ദി ആല്‍ബയുടെ മറ്റൊരു തകര്‍പ്പന്‍ പാസില്‍നിന്നാണ് മെസി ആദ്യ ഗോള്‍ നേടിയത്. സെര്‍ജിയോ ബുസ്ക്കറ്റ്‌സിന്റെ പാസില്‍നിന്ന് കളിയുടെ അന്ത്യനിമിഷങ്ങളിലാണ് മെസി രണ്ടാം ഗോള്‍ നേടിയത്. ഗോള്‍ മടക്കാന്‍ ഒസാസുന കിണഞ്ഞു പരിശ്രമിച്ചെങ്കിലും അതെല്ലാം ബാഴ്‌സ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു.

ഈ വിജയത്തോടെ 15 കളികളില്‍ 31 പോയിന്റുള്ള ബാഴ്‌സലോണ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ഒരു കളി കുറച്ചു കളിച്ച റയല്‍ മാഡ്രിഡ് 14 കളികളില്‍ 34 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.