മറഡോണയാണ് എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരം

ബ്യൂണസ് ഐറിസ്: അര്‍ജന്‍റീനന്‍ സൂപ്പര്‍ താരം ലിയോണല്‍ മെസി മറഡോണയോളം മികച്ച താരമല്ലെന്ന് ഇതിഹാസ താരം ബാറ്റിസ്റ്റൂട്ട. മറഡോണയാണ് എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരമെന്നും മുന്‍ അര്‍ജന്‍റീനന്‍ താരം പറയുന്നു.

മറഡോണ അര്‍ജന്‍റീയയെ പലതരത്തിലും പ്രതിനിധീകരിച്ചിരുന്നു. അത് ഫുട്ബോള്‍ മാത്രമായിരുന്നില്ല. സാങ്കേതികമായി മെസി ചിലപ്പോള്‍ മറഡോണയെക്കാള്‍ മികച്ചവനായിരിക്കും. എന്നാല്‍ മറഡോണയെക്കാള്‍ വലിയ പ്രതിഭാസമാണെന്ന് പറയാനാവില്ല. മറഡോണ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ പ്രതിഭാസമായിരുന്നു.

അദേഹം കളിക്കുമ്പോള്‍ പ്രത്യേക തരം ഊര്‍ജമുണ്ടായിരുന്നു. ഒരു സ്റ്റേഡിയത്തെ മുഴുവന്‍ ജീവന്‍ വെപ്പിക്കാന്‍ മറഡോണയ്ക്ക് സാധിക്കും. എല്ലാവരും അയാളിലേക്ക് തന്നെ നോക്കിയിരിക്കും. ഒരുമിച്ച് കളിച്ചവര്‍ എന്ന നിലയ്ക്ക് മറഡോണ എത്രത്തോളം അപകടകാരിയാണെന്ന് തനിക്ക് അറിയാമെന്നും ബാറ്റിസ്റ്റൂട്ട പറയുന്നു. 

അഞ്ച് ബാലന്‍ ദ് ഓര്‍ അടക്കം മെസി കൈവരിച്ച നേട്ടങ്ങള്‍ അനവധിയാണ്. ക്ലബ് തലത്തില്‍ ബാഴ്‌സലോണയെ വലിയ ഉയരങ്ങളിലെത്തിച്ചിട്ടുണ്ട്. കോപ്പ അമേരിക്കയില്‍ രാജ്യത്തെ ഫൈനലിലെത്തിച്ചു. എന്നാല്‍ ലോകകപ്പില്‍ ജര്‍മ്മനിയോട് തോറ്റ് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. വിധി അയാള്‍ക്കെതിരായിരുന്നു.

മെസിക്ക് ലോകകപ്പ് നേടാനുള്ള അവസാന അവസരമാണ് റഷ്യയിലേതെന്നും വിജയിച്ചാല്‍ മറഡോണയ്ക്കൊപ്പമെത്താമെന്നും ബാറ്റിസ്റ്റൂട്ട പറയുന്നു.