Asianet News MalayalamAsianet News Malayalam

തോല്‍പ്പിച്ചത് മെസിയല്ല, മാറിമാറി വന്ന പരിശീലകര്‍...!

messi never loss in argenitna
Author
First Published Jun 27, 2016, 12:30 AM IST

കളിത്തട്ടില്‍ മിശിഹായുടെ കണ്ണീര്‍ പൊഴിയുമ്പോള്‍, ആ സങ്കടക്കടലില്‍ മുങ്ങുന്നത് ലോകമെങ്ങുമുള്ള ലക്ഷകണക്കിന് ആരാധകരാണ്. ശതാബ്‌ദി കോപ്പയുടെ ഫൈനലില്‍, ചിലിയോട് തോറ്റ് കണ്ണുനീരോടെ മടങ്ങുമ്പോള്‍, ഉച്ചയ്‌ക്ക് അസ്‌തമിച്ച സൂര്യനെ പോലെയായിരുന്നു ലിയോണല്‍ മെസി. തോല്‍വിയുടെ പ്രഹരം ആരാധകരുടെ ഉള്ളില്‍ തളംകെട്ടി കിടക്കുമ്പോള്‍, അതാ വരുന്നു ഫുട്ബോളിലെ മിശിഹായുടെ വിരമിക്കല്‍ പ്രഖ്യാപനം. ലോകകപ്പിലും രണ്ടു കോപ്പ അമേരിക്കയിലുമായി തുടര്‍ച്ചയായ മൂന്നാം ഫൈനലാണ് അര്‍ജന്റീന അടിയറവ് പറഞ്ഞപ്പോള്‍ മെസി എന്ന ഇതിഹാസത്തിന് എങ്ങനെ സഹിക്കാനാകും, അല്ലേ...!

അര്‍ജന്റീനയുടെ തോല്‍വിയേക്കാള്‍, ആ പത്താം നമ്പര്‍ ജഴ്‌സിയില്‍ ഇന്ദ്രജാലം കാട്ടുന്ന മെസിയെ ഇനി കാണാനാകുമോയെന്നതാണ് ഇപ്പോള്‍ ആരാധകരെ വിഷമിപ്പിക്കുന്ന കാര്യം. ശതാബ്‌ദി കോപ്പയുടെ ഫൈനലില്‍ തോറ്റതിനുശേഷമാണ് മെസി രാജ്യാന്തര ഫുട്ബോള്‍ മതിയാക്കുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണവും വ്യക്തതയും വരേണ്ടിയിരിക്കുന്നു. ഈ അവസരത്തില്‍ നമ്മള്‍ പരിശോധിക്കേണ്ട പ്രധാന കാര്യം, അര്‍ജന്റീനയ്‌ക്ക് ആരായിരുന്നു മെസി? എന്തായിരുന്നു മെസിക്ക് അവിടെയുണ്ടായിരുന്ന റോള്‍? മാറിമാറി വന്ന അര്‍ജന്റീനയുടെ പരിശീലകര്‍ക്ക് എപ്പോഴെങ്കിലും ഇത് നിര്‍വ്വചിക്കാന്‍ സാധിച്ചിരുന്നോ?

മുകളില്‍ കൊടുത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുമ്പോള്‍, കഴിഞ്ഞ ഒരു ദശാബ്‌ദക്കാലം ഫുട്ബോള്‍ ലോകത്ത് ബാഴ്‌‌സലോണ എന്ന ടീമിന്റെ കുതിപ്പും, അതിന് ഗതിവേഗം പകര്‍ന്ന മെസിയുടെ കാലുകളും എങ്ങനെ മറക്കാനാകും. ബാഴ്‌സലോണയ്‌ക്കുവേണ്ടി ഗോളുകള്‍ അടിച്ചുകൂട്ടിയ മെസിക്ക് പക്ഷെ ദേശീയ കുപ്പായത്തില്‍ തിളങ്ങാനായിരുന്നില്ല. ഈ വിഷയം ലോകത്തെ ഫുട്ബോള്‍ പ്രമുഖ കളിയെഴുത്തുകാര്‍ ഇഴകീറി പരിശോധിച്ചതാണ്. ക്ലബിനുവേണ്ടി കളിക്കുന്ന കളി മെസിക്ക് രാജ്യത്തിനുവേണ്ടി പുറത്തെടുക്കാനായില്ല എന്നത് വസ്‌തുതയായി അവശേഷിക്കുമ്പോഴും, ഇതിന് കാരണമായി വിദഗ്ദ്ധര്‍ കണ്ടെത്തിയ ന്യായം, അര്‍ജന്റീനയില്‍ സാവിയും ഇനിയസ്റ്റയും ഇല്ലല്ലോ എന്നതായിരുന്നു. പക്ഷെ അത് മെസിയുടെ തെറ്റോ പിഴവോ ആയി എങ്ങനെ വ്യാഖാനിക്കാനാകും? അര്‍ജന്റീനയുടെ പരിശീലകരല്ലെ, മെസിക്കുവേണ്ടി ഒരു സാവിയെയും ഇനിയസ്റ്റയെയും സൃഷ്‌ടിക്കേണ്ടിയിരുന്നത്?

ബാഴ്‌സലോണയിലും അര്‍ജന്റീനയിലും മെസിയുടെ ഉത്തരവാദിത്വങ്ങള്‍ രണ്ടു തരത്തില്‍ തന്നെയായിരുന്നു. ക്ലബ് ഫുട്ബോളില്‍ ഒരിക്കലും കളി നെയ്‌തെടുക്കേണ്ട അവസ്ഥ മെസിക്ക് ഉണ്ടായിട്ടില്ല. അവിടെ സാവിയും ഇനിയസ്റ്റയും നൂല്‍ നൂര്‍ക്കുന്നതുപോലെ കൃത്യതയോടെ രണ്ടു വിംഗുകളില്‍നിന്നും പന്തുകള്‍ മെസിക്കു നല്‍കുമായിരുന്നു. ഗോളടിക്കേണ്ട ജോലി മാത്രമെ മെസിക്ക് ഉണ്ടായിരുന്നുള്ളു. അത് അദ്ദേഹം ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്‌തു. എന്നാല്‍ അര്‍ജന്റീനയില്‍ അതല്ലായിരുന്നു സ്ഥിതി. ഇവിടെ ഗോളടിക്കുകയും ഗോളടിപ്പിക്കുകയും മാത്രമല്ലായിരുന്നു, മദ്ധ്യനിരയില്‍ കളി നെയ്‌തെടുക്കേണ്ട ഉത്തരവാദിത്വം കൂടി മെസിയുടെ ചുമലില്‍ വന്നുചേര്‍ന്നു. അതുകൊണ്ടുതന്നെ സ്വതസിദ്ധമായ കളി അര്‍ജന്റീനയ്‌ക്കുവേണ്ടി മെസിക്ക് പുറത്തെടുക്കാനായോ എന്ന ചോദ്യത്തിന്, ഇല്ല എന്നു തന്നെ പറയേണ്ടിവരും.

പക്ഷെ, കൈനിറയെ പണം നല്‍കുന്ന ബാഴ്‌സലോണയ്‌ക്കുവേണ്ടി കളിക്കുന്ന കളി, അര്‍ജന്റീനയ്‌ക്കുവേണ്ടി കളിച്ചില്ല എന്ന് ഇതിന് അര്‍ത്ഥമില്ല. മെസി അര്‍ജന്റീനയ്‌ക്കുവേണ്ടി പരമാവധി ശ്രമിച്ചു. പക്ഷെ പ്രതീക്ഷിച്ചപോലെ ഗോളുകള്‍ വന്നില്ല, കിരീടവും. ഇത് പലപ്പോഴും ആരാധകര്‍ക്കു തോരാകണ്ണീരായി മാറുകയും ചെയ്‌തു. ഒരു പക്ഷെ, സാവിയെയും ഇനിയസ്റ്റയെയും പോലെ രണ്ടു മികച്ച മദ്ധ്യനിര പ്ലേമേക്കര്‍മാര്‍ ഉണ്ടായിരുന്നെങ്കില്‍ അര്‍ജന്റീനയുടെ തലവര തന്നെ മറ്റൊന്നായി മാറുമായിരുന്നു. യുവാന്‍ റോമന്‍ റിക്വല്‍മെ എന്ന താരത്തിന്റെ സാന്നിദ്ധ്യം കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം അര്‍ജന്റീനയ്‌ക്കു വരുത്തിവെച്ച നഷ്‌ടം ഇപ്പോഴാണ് ശരിക്കും മനസിലാകുക. റിക്വല്‍മെ ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും സാവിയ്‌ക്കും ഇനിയസ്റ്റയ്‌ക്കും പകരമാകുമായിരുന്നു. അതുമാത്രമല്ല, അര്‍ജന്റീനയില്‍ പ്ലേമേക്കറായി മെസി മാറിയപ്പോള്‍, അദ്ദേഹമൊരുക്കി കൊടുത്ത അവസരങ്ങള്‍ മുതലാക്കാന്‍ ശേഷിയുള്ള ഒന്നോ രണ്ടോ സ്‌ട്രൈക്കര്‍മാര്‍ ഉണ്ടായിരുന്നെങ്കിലെന്നും ആശിച്ചുപോകുന്നുണ്ട് ആരാധകര്‍. മറുവശത്ത് ഗോണ്‍സാലോ ഹിഗ്വെയ്ന്‍, സെര്‍ജിയോ അഗ്യൂറോ എന്നിവര്‍ ഏറെ നിരാശപ്പെടുത്തി എന്നു തന്നെ പറയേണ്ടിവരും. ഹിഗ്വെയ്ന്‍ ഗോളുകള്‍ കണ്ടെത്തിയെങ്കിലും, മാറഡോണയുടെ മരുമകന്‍ എന്ന ലേബലില്‍ അറിയപ്പെട്ടിരുന്ന അഗ്യൂറോ കളഞ്ഞുകുളിച്ച അവസരങ്ങള്‍ക്ക് ഒരുപക്ഷെ അര്‍ജന്റീനയുടെ കണ്ണീരിനേക്കാള്‍ വലുപ്പമുണ്ടാകും.

ഒരു സഹസ്രാബ്ദത്തിലേറെയുള്ള ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ടീമായിരുന്നു അര്‍ജന്റീന. അര്‍ജന്റീന ഏറ്റവും മികച്ച പ്രകടനം നടത്തിയിരുന്നത് ഡീഗോ മാറഡോണ എന്ന മാന്ത്രികന്‍ കളംനിറഞ്ഞ നാളുകളിലായിരുന്നു. അന്ന് ഒരു ലോക കിരീടവും ഫിഫ വജ്രജൂബിലി കിരീടവും മാറഡോണ അര്‍ജന്റീനയ്‌ക്കു നേടിക്കൊടുത്തു. മെസിയും മാറഡോണയും ഇതിഹാസതുല്യരായാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ രാജ്യത്തിന് ശ്രദ്ധേയമായ ഒരു കിരീടം നേടിക്കൊടുക്കാതെ കളി മതിയാക്കുന്ന മെസിയുടെ കരിയര്‍ പൂര്‍ണമാകില്ലെന്നാണ് ആരാധകരും ഫുട്ബോള്‍ വിദഗ്ദ്ധരും വിലയിരുത്തുന്നത്. മെസി കളി മതിയാക്കുമെന്ന വാര്‍ത്ത ആരാധകര്‍ക്ക് വലിയ വിഷമം ഉണ്ടാക്കുന്നതാണ്. പക്ഷെ ദേശീയ ടീമിനുവേണ്ടി മെസി നന്നായി കളിച്ചില്ല എന്നു പറയുന്നത് ബാലിശമാണ്. ഇവിടെ പ്രശ്‌നം മെസിയുടെ കളിക്കളത്തിലെ റോള്‍ ആയിരുന്നുവെന്ന് തന്നെ പറയേണ്ടിവരും. ഒന്നുകില്‍ സാവിയെയും ഇനിയസ്റ്റെയും പോലെയുള്ള പ്ലേമേക്കര്‍മാര്‍ വേണമായിരുന്നു. അല്ലെങ്കില്‍ അര്‍ജന്റീനയില്‍ പ്ലേമേക്കറായി മാറിയ മെസി ഒരുക്കിയ അവസരങ്ങള്‍ മുതലെടുക്കാന്‍ ഒരു സ്‌ട്രൈക്കര്‍ വേണമായിരുന്നു. ഇതു രണ്ടുമില്ലാതെ പോയതാകാം, ഒരു പക്ഷെ മെസി എന്ന സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിന്റെ കരിയര്‍ അപൂര്‍ണമാക്കി മാറ്റയത്...

Follow Us:
Download App:
  • android
  • ios