വാഷിംഗ്ടണ്‍: സ്രാവിനെക്കാളും വേഗം, നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്സിനുണ്ടോയെന്ന് നാളെ അറിയാം. നീന്തല്‍ ഇതിഹാസം ഫെല്‍പ്സും , സ്രാവും തമ്മിലുള്ള 100 മീറ്റര്‍ മത്സരത്തിന്റെ ദൃശ്യങ്ങള്‍ നാളെ പുറത്തുവിടും. ലോക നീന്തല്‍ ചാംപ്യന്‍ഷിപ്പിനിടെയാണ് ദൃശ്യങ്ങള്‍ പുറത്തുവിടുന്നത്.

ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലായിരുന്നു മത്സരം. മത്സരത്തില്‍ ജയിച്ചതാരെന്ന് സംഘാടകര്‍ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. 23 സ്വര്‍ണം ഉള്‍പ്പെടെ 28 മെഡല്‍ നേടിയിട്ടുള്ള ഫെല്‍പ്സ്, ഒളിംപിക്‌സ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Representational Image

അതേസമയം, മത്സരത്തിലെ വിജയി ആരാണെന്നതിനെച്ചൊല്ലി വാതുവെപ്പും പ്രവചനങ്ങളും വിശകലനങ്ങളും സജീവമാണ്. സാധാരണഗതിയില്‍ 25 മൈല്‍ വേഗത്തിലാണ് സ്രാവുകള്‍ നീന്തുന്നതെന്നും ഫെല്‍പ്സിന് പരമാവധി ആറു മൈല്‍ വേഗത്തിലെ നീന്താനാവൂ എന്നും ഒരു വിഭാഗം പറയുന്നു. സ്രാവിനൊപ്പമുള്ള മത്സരത്തില്‍ ഫെല്‍‌പ്സിന് നിന്തല്‍ വേഗം കൂട്ടാനായി റബ്ബര്‍ ഉപകരണത്തിന്റെ സഹായം ലഭിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, മത്സരത്തില്‍ ഫെല്‍‌പ്സിനൊപ്പം സ്രാവിനെ എങ്ങനെയാകും നേര്‍വരയില്‍ നീന്തിച്ചതെന്ന പ്രസക്തമായ ചോദ്യവും ഉയരുന്നുണ്ട്. എന്തായാലും കായികലോകം കാത്തിരിക്കുന്ന ആ ഉത്തരം നാളെ എത്തും.