ഹാമില്‍ട്ടന്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യ ദയനീയ തോല്‍വി വഴങ്ങിയപ്പോള്‍ എന്തുകൊണ്ട് യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിന് അവസരം നല്‍കുന്നില്ലെന്ന ചോദ്യവുമായി മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍. എന്നാല്‍ മൈക്കല്‍ വോണിന് മുന്‍ സഹതാരം ഓവൈസ് ഷാ തന്നെ മറുപടിയുമായി എത്തി.

ഋഷഭ് പന്ത് ഏകദിന ടീമില്‍ കളിക്കാതിരിക്കാന്‍ കാരണം ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഇന്ത്യന്‍ ടീമിലുള്ളതുകൊണ്ടാണെന്നായിരുന്നു ഓവൈസ് ഷായുടെ മറുപടി. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മിന്നിയ ഋഷഭ് പന്തിനെ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍മാരായ എം എസ് ധോണിയും ദിനേശ് കാര്‍ത്തിക്കും ടീമിലുള്ളതുകൊണ്ടാണ് പന്തിന് വിശ്രമം അനുവദിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചത്. ന്യൂസിലന്‍ഡിനെതിരെ ഫെബ്രുവരി ആറിന് ആരംഭിക്കുന്ന ട്വന്റി-20 പരമ്പരയില്‍ ഋഷഭ് പന്ത് ടീമിലുണ്ട്. ഇപ്പോള്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എക്കായി കളിക്കുകയാണ് പന്ത്.